Home » Blog » Kerala » ഷൂട്ടിംഗ് സെറ്റിലെ ജീവൻമരണ പോരാട്ടം; രണ്ട് തവണ ബ്രെയിൻ അന്യൂറിസം അതിജീവിച്ച കഥ പങ്കുവെച്ച് താരം
images

ലോകപ്രശസ്തമായ ‘ഗെയിം ഓഫ് ത്രോൺസ്’ പരമ്പരയിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട നടി എമിലിയ ക്ലാർക്ക്, തന്റെ അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് നേരിട്ട അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു. പരമ്പരയുടെ ചിത്രീകരണം പുരോഗമിക്കവെ രണ്ടുതവണ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും മരണത്തിന്റെ വക്കിൽ നിന്നാണ് താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും എമിലിയ പറഞ്ഞു. ‘ഹൗ ടു ഫെയിൽ വിത്ത് എലിസബത്ത് ഡേ’ എന്ന പോഡ്കാസ്റ്റിലായിരുന്നു താരത്തിന്റെ വൈകാരികമായ വെളിപ്പെടുത്തൽ.

 

പരമ്പരയുടെ ആദ്യ സീസൺ പൂർത്തിയായതിന് പിന്നാലെ 2011-ലാണ് എമിലിയയെ ആദ്യമായി രോഗം ബാധിക്കുന്നത്. ഒരു ജിമ്മിൽ പ്ലാങ്ക് വ്യായാമം ചെയ്യുന്നതിനിടെ അസഹനീയമായ തലവേദന അനുഭവപ്പെടുകയായിരുന്നു. തലച്ചോറിന് ചുറ്റും ഒരു ഇലാസ്റ്റിക് ബാൻഡ് ഇട്ട് മുറുക്കുന്നതുപോലെയുള്ള വേദനയാണ് അനുഭവപ്പെട്ടതെന്ന് താരം ഓർത്തെടുത്തു. തുടർന്ന് ശുചിമുറിയിലേക്ക് ഇഴഞ്ഞുപോയ താൻ ഛർദിക്കുകയും ബോധക്ഷയത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ തലച്ചോറിന് എന്തോ ഗുരുതരമായി സംഭവിച്ചിട്ടുണ്ടെന്ന് ആ നിമിഷം തിരിച്ചറിഞ്ഞതായി താരം പറയുന്നു.

തുടക്കത്തിൽ എമിലിയയുടെ അവസ്ഥ കണ്ടുനിന്നവർക്ക് കാര്യമായി മനസ്സിലായിരുന്നില്ല. ചെറുപ്പക്കാരിയായതുകൊണ്ട് തന്നെ ലഹരിമരുന്നിന്റെ ഉപയോഗം മൂലമുള്ള അസ്വസ്ഥതയാണെന്ന് പലരും സംശയിച്ചു. എന്നാൽ ഒരു നേഴ്സിന്റെ ഇടപെടലാണ് രോഗനിർണ്ണയം വേഗത്തിലാക്കിയത്. ആശുപത്രിയിൽ എത്തിച്ച താരത്തിന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു.

രോഗവിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച താരം, ചികിത്സ കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ സെറ്റിലേക്ക് തിരിച്ചെത്തി. താൻ ദുർബലയാണെന്ന് നിർമ്മാതാക്കൾ കരുതുമോ എന്ന ഭയവും ലജ്ജയുമായിരുന്നു ഇതിന് പിന്നിലെന്ന് എമിലിയ പറയുന്നു. എന്നാൽ 2013-ൽ നടത്തിയ ഒരു സ്കാനിംഗിൽ തലച്ചോറിലെ അന്യൂറിസം മൂന്നിരട്ടിയായി വളർന്നതായി കണ്ടെത്തി.

ലളിതമായ ശസ്ത്രക്രിയ എന്ന് കരുതിയാണ് രണ്ടാമതും ആശുപത്രിയിൽ പ്രവേശിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴൽ പൊട്ടി കടുത്ത രക്തസ്രാവമുണ്ടായതോടെ കാര്യങ്ങൾ കൈവിട്ടുപോയി. അതീവ ഗുരുതരാവസ്ഥയിലായ താരത്തെ രക്ഷിക്കാൻ ഡോക്ടർമാർക്ക് മറ്റൊരു അടിയന്തര ശസ്ത്രക്രിയ കൂടി നടത്തേണ്ടി വന്നു. ഏത് നിമിഷവും മരണം സംഭവിക്കാവുന്ന ഘട്ടത്തിൽ നിന്നാണ് താൻ അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നതെന്ന് എമിലിയ വെളിപ്പെടുത്തി.