വർക്കലയിൽ വെച്ച് ട്രെയിനിൽ നിന്ന് ക്രൂരമായി തള്ളിയിടപ്പെട്ട 19 വയസ്സുകാരി ശ്രീക്കുട്ടി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങിയത്. മകളുടെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതിയുണ്ടെന്നും അവൾ ഇപ്പോൾ സ്വയം ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ടെന്നും അമ്മ പ്രിയദർശിനി പറഞ്ഞു. വിദഗ്ധ ചികിത്സയിലൂടെ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അമൃത ആശുപത്രിയിലെ ഡോക്ടർമാർക്ക് കുടുംബം നന്ദി അറിയിച്ചു.
കഴിഞ്ഞ നവംബർ രണ്ടിന് കേരള എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ട്രെയിനിൽ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് സുരേഷ് കുമാർ എന്ന പ്രതി, വാതിലിനടുത്തിരുന്ന ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചെങ്കിലും ബിഹാർ സ്വദേശിയായ ശങ്കർ പാസ്വാൻ എന്ന യുവാവിന്റെ ധീരമായ ഇടപെടൽ മൂലമാണ് അർച്ചന രക്ഷപ്പെട്ടത്. സ്വന്തം ജീവൻ പണയം വെച്ച് പ്രതിയെ കീഴടക്കിയ ശങ്കർ പാസ്വാനാണ് ഈ കേസിലെ പ്രധാന സാക്ഷി
മകളുടെ തിരിച്ചുവരവിൽ സന്തോഷിക്കുമ്പോഴും അധികാരികളുടെ അവഗണനയിൽ കുടുംബം വലിയ വിഷമം പങ്കുവെച്ചു. അപകടസമയത്ത് വലിയ താൽപ്പര്യം കാണിച്ച സർക്കാർ പിന്നീട് ഒരു അന്വേഷണവും നടത്തിയില്ലെന്ന് അമ്മ പ്രിയദർശിനി പരാതിപ്പെട്ടു. അമൃത ആശുപത്രിയിൽ പൂർണ്ണമായും സൗജന്യമായാണ് ശ്രീക്കുട്ടിക്ക് ചികിത്സ ലഭ്യമായതെന്നും കുടുംബം വ്യക്തമാക്കി. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ശ്രീക്കുട്ടി പഴയ ജീവിതത്തിലേക്ക് മടങ്ങിവരൂ എന്ന ഡോക്ടർമാരുടെ മുൻവിധി തെറ്റിച്ചുകൊണ്ടാണ് ഈ പെൺകുട്ടി ഇപ്പോൾ ജീവിതത്തിലേക്ക് കരുത്തോടെ നടന്നു കയറുന്നത്.
