
മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന നെക്സ് ഉസ് കൂടിക്കാഴ്ചയില്‍ ഉസ്ബെകിസ്ഥാന് അംബാസഡര്‍ സര്‍ദോര്‍ മിര്‍സ യൂസുപോവിച് റുസ്താംബീവ് സംസാരിക്കുന്നു.
കോഴിക്കോട് : വ്യാപാര- സാംസ്കാരിക കൈമാറ്റത്തിന്റെ അനന്ത സാധ്യതകളുടെ വാതായനം തുറന്ന് മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന നെക്സ് ഉസ് കൂടിക്കാഴ്ച. ഉസ്ബെകിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ സര്‍ദോര്‍ മിര്‍സ യൂസുപോവിച് റുസ്താംബീവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളില്‍ നിന്നുമെത്തിയ വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരായ വ്യവസായികള്‍ക്ക് അനന്ത സാധ്യതകളുള്ള മണ്ണാണ് ഉസ്ബെകിസ്ഥാനെന്നും ഇരു രാജ്യങ്ങളുടെയും വികസനത്തില്‍ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വലിയ പങ്കുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. സാംസ്കാരികമായ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വിവിധ മേഖലകളില്‍ വലിയ സഹകരണ സാധ്യതകള്‍ നിലനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മര്‍കസ് നോളജ് സിറ്റി ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ഉസ്ബെകിസ്ഥാന് എംബസിയുടെ വ്യാപാര- സാമ്പത്തിക കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് അബ്ദു ഖലീലോവ്, നോളജ് സിറ്റി ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, ഔട്റീച്ച് ഡയറക്ടര്‍ കെ വി നൗഫല്‍ സംസാരിച്ചു. ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ആവശ്യമായ സഹകരണങ്ങള്‍ അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.
