ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് മണ്ഡലത്തിൽ പണമിടപാട് വിവാദം കൊഴുക്കുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടുകയും പാലക്കാട് ജില്ലാ കളക്ടറോട് വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തു. പരാതി ഉയർന്നയുടൻ ഫ്ലയിങ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലുള്ള ഒരു വീട്ടിലെ വൃദ്ധയ്ക്ക് ബിജെപി പ്രവർത്തകർ പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. പ്രദേശത്തെ ഒരു മരണവീട് സന്ദർശിക്കാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും സംഘവുമാണ് വിവാദത്തിലായിരിക്കുന്നത്. മരണവീടിന് തൊട്ടടുത്തുള്ള വീട്ടിലെത്തിയ സംഘം അവിടെയുള്ള വൃദ്ധയുമായി സംസാരിക്കുകയും തുടർന്ന് പണം കൈമാറുകയുമായിരുന്നുവെന്നാണ് ആരോപണം.
ഈ സമയം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ സമീപത്ത് കാറിലുണ്ടായിരുന്നു. പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് കണ്ട് ശോഭാ സുരേന്ദ്രൻ പ്രവർത്തകർക്ക് നേരെ തട്ടിക്കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നു എന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തിയതോടെ മണ്ഡലത്തിൽ രാഷ്ട്രീയ പോര് മുറുകി. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്ഥാനാർത്ഥിയെ മനഃപൂർവം കുടുക്കാനുള്ള ശ്രമമാണെന്നുമാണ് ബിജെപി കേന്ദ്രങ്ങളുടെ വിശദീകരണം. കളക്ടറുടെ റിപ്പോർട്ടിന്മേൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന തുടനടപടികൾ വോട്ടെടുപ്പ് ദിനത്തിൽ നിർണ്ണായകമാകും.
