Home » Blog » Kerala » വേനൽച്ചൂട്: കുവൈത്തിൽ പുതുക്കിയ ഉച്ചവിശ്രമ നിയമം ജൂൺ 1 മുതൽ ആ​ഗസ്റ്റ് 31വരെ; 11 മുതൽ 4 മണിവരെ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തി
19

കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽച്ചൂട് കനക്കുന്ന പശ്ചാത്തലത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് പുതിയ സമയക്രമമനുസരിച്ചുള്ള നിയന്ത്രണം ബാധകമാവുകയെന്ന് അതോറിറ്റി അറിയിച്ചു. 2026-ലെ മൂന്നാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം രാവിലെ 11:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെയാണ് തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബോർഡ് ചെയർമാൻ ശൈഖ് ഫഹദ് അൽ യൂസഫാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കടുത്ത വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവെന്ന് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ റബാബ് അൽ ഉസൈമി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസൃതമായി ഈ സമയക്രമത്തിൽ മാറ്റം വരുത്താൻ അതോറിറ്റിക്ക് അധികാരമുണ്ടാകും. കടുത്ത ചൂടിന് പുറമെ ശക്തമായ പൊടിക്കാറ്റ്, കനത്ത മഴ, അമിതമായ ഈർപ്പം, പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടായാലും തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ഈ നിരോധനം ഏർപ്പെടുത്താൻ റബാബ് അൽ ഒസൈമിക്ക് അധികാരമുണ്ടാകും.

അടിയന്തര അറ്റകുറ്റപ്പണികൾ, പൊതുസേവനങ്ങൾ, അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനായി ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ മുൻകൂർ അനുമതി വാങ്ങുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. നിയന്ത്രണ സമയങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യത്തിന് തണുത്ത കുടിവെള്ളം, തണലുള്ള വിശ്രമകേന്ദ്രങ്ങൾ, പ്രഥമശുശ്രൂഷാ സാമഗ്രികൾ, മതിയായ വിശ്രമവേളകൾ എന്നിവ തൊഴിലുടമകൾ ഉറപ്പാക്കണം. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലന്തരീക്ഷം ഒരുക്കാൻ ഉടമകൾ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.