വെനസ്വേലയിൽ ‘ഹാന്റാവൈറസ്’ ബാധിച്ച് മൂന്ന് പേർ മരണപ്പെട്ടു. അൻസോവാതെഗൂയിയിലാണ് മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചത്. ഇതിനുപുറമെ, ബാരിനാസിൽ രണ്ട് ആരോഗ്യ പ്രവർത്തകർ മരണപ്പെട്ടതിലും ഹാന്റാവൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പൊതുസമൂഹത്തിലേക്ക് രോഗവ്യാപന ഭീഷണി നിലവിലില്ലെന്നും വെനസ്വേല ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സാധാരണയായി എലികളിലൂടെ മാത്രം പടരുന്ന ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അത്യപൂർവ്വമായി പടരാമെന്ന് അടുത്തിടെ തെളിഞ്ഞിരുന്നു. ഏപ്രിൽ ഒന്നിന് അർജന്റീനയിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് പുറപ്പെട്ട എം.വി ഹോൺഡിയസ് എന്ന ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന 23 രാജ്യങ്ങളിൽ നിന്നുള്ള 149 യാത്രക്കാരിൽ രോഗവ്യാപനം ഉണ്ടാവുകയും 3 പേർ മരണപ്പെടുകയും ചെയ്തിരുന്നു. 1970-കളിൽ ദക്ഷിണ കൊറിയയിലെ ഹാന്റാൻ നദിക്കരയിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയുടെ അംശങ്ങൾ വായുവിൽ കലരുകയും ഇത് ശ്വസിക്കുകയോ സ്പർശിക്കുകയോ ചെയ്യുമ്പോഴാണ് മനുഷ്യരിലേക്ക് വൈറസ് പ്രവേശിക്കുന്നത്. എലികളുടെ കടിയേൽക്കുന്നതിലൂടെയും രോഗം പകരാം.
ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാവൈറസ് പൾമണറി സിൻഡ്രോം അതിമാരകമാണ്. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനത്തോളമാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 3 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, ക്ഷീണം, കഠിനമായ ശരീരവേദന, തലവേദന, ഛർദ്ദി, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ കഠിനമായ ചുമ, ശ്വാസതടസ്സം, രക്തസമ്മർദ്ദം പെട്ടെന്ന് താഴുക, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെടാം. ഹാന്റാവൈറസിന് പ്രത്യേക മരുന്നുകളോ വാക്‌സിനോ നിലവിലില്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള തീവ്രപരിചരണ ചികിത്സയാണ് നൽകുന്നത്. വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും എലികളുടെ പെരുപ്പം തടയുകയുമാണ് പ്രധാന പ്രതിരോധ മാർഗ്ഗം.
