
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗമായ തന്റെ വ്യാജ എഐ ഡാന്‍സ് വീഡിയോ മെറ്റ നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്. വീഡിയോ കാണുമ്പോള്‍ വ്യക്തിപരമായി തനിക്ക് സന്തോഷമാണ് തോന്നിയതെങ്കിലും ഇത്തരം വ്യാജ നിര്‍മ്മിതികള്‍ക്ക് പിന്നില്‍ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തന്റെ പേരില്‍ പ്രചരിച്ച വൈറല്‍ വീഡിയോയെക്കുറിച്ച് രസകരമായ അനുഭവങ്ങളാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ‘വീഡിയോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഞാന്‍ ഒരു ഗ്രൂപ്പ് ഡാന്‍സ് ലീഡ് ചെയ്യുകയാണ്. ഗംഭീര ഡാന്‍സ്! മോഹന്‍ലാലിനെയും എന്റെ സ്നേഹിതനായ തമിഴ്നാട് മുഖ്യമന്ത്രി വിജയിയെയും വരെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രകടനമാണ് അതിലുള്ളത്. എന്നെ പരിഹസിക്കാന്‍ വേണ്ടി ചെയ്തതാണെങ്കില്‍ പോലും എനിക്ക് സന്തോഷമാണ് തോന്നിയത്,’ – വി.ഡി സതീശന് പറഞ്ഞു.
വീഡിയോ യഥാര്‍ത്ഥമാണെന്ന് തെറ്റിദ്ധരിച്ച ഒരു കുട്ടിയുടെ അനുഭവവും അദ്ദേഹം ഓര്‍ത്തെടുത്തു. ഒരു അഞ്ചു വയസ്സുള്ള കുട്ടി അടുത്ത് വന്നിട്ട് സാറിന്റെ ഡാന്‍സ് ഗംഭീരമായി എന്ന് പറഞ്ഞു. ഞാന്‍ ശരിക്കും ഡാന്‍സ് ചെയ്തതാണെന്നാണ് ആ കുട്ടി വിചാരിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യാജമായി ഇത്തരം കാര്യങ്ങള്‍ ക്രിയേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അവിടെയാണ് വലിയ നിയമപ്രശ്നങ്ങള്‍ ഉടലെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യക്തികളെ അനുകരിക്കാനും അപകീര്‍ത്തിപ്പെടുത്താനും എഐ സാങ്കേതികവിദ്യ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് ആശങ്കയുണര്‍ത്തുന്ന സാഹചര്യത്തിലാണ് സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
