Home » Blog » kerala Max » വീടിന് മുന്നിലെ ജീപ്പ് ‘പൊലീസ് സ്റ്റേഷനല്ല’..! ‘മാധ്യമങ്ങൾ വ്യക്തിപരമായി അപമാനിക്കുന്നു, പിണറായി
pinarayi (1)

പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ജീപ്പ് പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നുവെന്ന പ്രചാരണത്തിനെതിരെ വിശദീകരണവുമായി പിണറായി വിജയൻ. ചില മാധ്യമങ്ങളും വ്യക്തികളും ചേർന്ന് നടത്തുന്ന പ്രചാരണത്തിന് പിന്നിൽ തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. വീടിന് മുന്നിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നും സുരക്ഷാ ആവശ്യങ്ങൾക്കനുസരിച്ച് ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

തന്റെ വീടിന് മുന്നിൽ ഒരിക്കലും പൊലീസ് സ്റ്റേഷൻ ആരംഭിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ഒരു പൊലീസ് വാഹനത്തിൽ ഉദ്യോഗസ്ഥർ എത്തുകയും പോകുകയും ചെയ്തിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതായി അവിടെ കിടന്നതാണെന്നാണ് തനിക്ക് മനസ്സിലായതെന്നും, അത് മാറ്റി അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുമെന്ന് പൊലീസ് അന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അധികാരമൊഴിഞ്ഞിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിട്ടില്ല. ഇതിന് പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.

“സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല; വാർത്ത നിർമിതം”

തന്റെ വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. മന്ത്രി മന്ദിരങ്ങൾക്ക് മുന്നിൽ ഇപ്പോഴും ഔട്ട്പോസ്റ്റ് ഡ്യൂട്ടിക്കാർ കാവലുണ്ടെന്നും ഇതെല്ലാം ഔദ്യോഗിക സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സെപ്റ്റംബർ മൂന്നിന് പുറത്തിറങ്ങിയ മലയാള മനോരമയിൽ “പിണറായിയുടെ വീടിനു മുന്നിലെ ജീപ്പ് സ്റ്റേഷൻ” എന്ന തലക്കെട്ടോടെ വാർത്തയ്ക്ക് വലിയ പ്രാധാന്യം നൽകിയതായും പിണറായി പറഞ്ഞു. ഇതിന് പിന്തുണ നൽകാൻ ഡോ. ആസാദിന്റെ പ്രതികരണവും ചേർത്തുവെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പിണറായി ആവശ്യപ്പെട്ടു. വീടിന് മുന്നിലുണ്ടായിരുന്ന പൊലീസ് വാഹനത്തിന്റെ അവസ്ഥയും അത് മാറ്റാതിരുന്നതിന്റെ കാരണവും പൊലീസ് തന്നെ വ്യക്തമാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതോടെ ‘ജീപ്പ് സ്റ്റേഷൻ’ എന്ന പ്രചാരണത്തെക്കുറിച്ചുള്ള രാഷ്ട്രീയ വിവാദത്തിൽ പിണറായി വിജയന്റെ വിശദീകരണവും പുറത്തുവന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *