ഡൽഹി സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നത എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. രാവിലെ കെ.സി. വേണുഗോപാലിനെ വസതിയിലെത്തി കണ്ടതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തി. തുടർന്നാണ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ച വളരെ ഹൃദ്യമായിരുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സതീശനും യുഡിഎഫ് സർക്കാരിനും എല്ലാവിധ ആശംസകളും നേർന്ന രാഹുൽ ഗാന്ധി, കേരളത്തിൽ സാഹോദര്യത്തിലും സാമൂഹിക പുരോഗതിയിലും ജനകീയ രാഷ്ട്രീയത്തിലും ഊന്നിയുള്ള ഭരണം നടത്താൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
അതേസമയം, ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളും വികസന പദ്ധതികളും പ്രധാനമന്ത്രിയുമായി അദ്ദേഹം ചർച്ച ചെയ്യുമെന്നാണ് സൂചന.
