Home » Blog » Kerala » ​’വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറ, ഈ കുട്ടികൾ ചെയ്ത തെറ്റ് എന്താണ്?’; വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് ടൊവിനോ തോമസ്
images (93)

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാരിനെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയും കോക്രോച്ച് ജനത പാർട്ടി ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് നേരെയുണ്ടായ പോലീസ് നടപടിയെ വിമർശിച്ച് നടൻ ടൊവിനോ തോമസ്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ അടിച്ചമർത്തുന്ന രീതി ശരിയല്ലെന്നും, രാജ്യത്തിന്റെ ഭാവിതലമുറ സംസാരിക്കുമ്പോൾ അവരെ അടിച്ചമർത്തുന്നത് ഭാവി തന്നെയാണ് ചവിട്ടിത്താഴ്ത്തുന്നതിന് തുല്യമെന്നും താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. പൊതുമുതൽ നശിപ്പിക്കുകയോ അക്രമത്തിലേക്ക് തിരിയുകയോ ചെയ്യാത്ത വിദ്യാർത്ഥികളോട് ഈ രീതിയിൽ പെരുമാറിയതിനെ ചോദ്യം ചെയ്ത ടൊവിനോ, വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും വ്യക്തമാക്കി.

 

മനുഷ്യത്വമാണ് തന്റെ രാഷ്ട്രീയമെന്നും സമാധാനത്തിലാണ് വിശ്വസിക്കുന്നതെന്നും വ്യക്തമാക്കിയ ടൊവിനോ, തന്റെ ദേശീയബോധത്തെ ചോദ്യം ചെയ്യാൻ വരുന്നവർക്ക് കൃത്യമായ മറുപടിയും നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ഏത് ഭാഗത്തായാലും ന്യായമായ കാര്യങ്ങൾക്ക് വേണ്ടി സമാധാനപൂർവ്വം പ്രതിഷേധിക്കുന്ന എല്ലാ വ്യക്തികൾക്കും താൻ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

 

അതേസമയം, വിദ്യാർത്ഥി സമരത്തിന് പൂർണ്ണ ഐക്യദാർഢ്യവുമായി രഞ്ജിനി ഹരിദാസും ദിയ സനയും ഡൽഹിയിലെ സമരവേദിയിലെത്തിയിരുന്നു. വിദ്യാഭ്യാസം മനുഷ്യന്റെ മൗലികമായ വിഷയമായതിനാലാണ് പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്ന് രഞ്ജിനി വ്യക്തമാക്കി. ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ സമരവേദിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത രീതി ഏറെ അനാദരവ് നിറഞ്ഞതായിരുന്നുവെന്നും, യാതൊരു ബഹുമാനവുമില്ലാതെയാണ് അദ്ദേഹത്തെ പോലീസ് കൊണ്ടുപോയതെന്നും രഞ്ജിനി കുറ്റപ്പെടുത്തി.