മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഗുണനിലവാരമില്ലാത്തതും വൃത്തിഹീനവുമായ ഭക്ഷണം നൽകുന്ന സംഭവത്തിൽ കെ.സി. വേണുഗോപാൽ എംപി ശക്തമായി ഇടപെട്ടു. കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
മൈസൂരുവിലെ അഞ്ച് കോളേജുകളിൽ ‘ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ്’ എന്ന ഏജൻസിയാണ് നിലവിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. പ്രതിവർഷം 80,000 രൂപയോളം മെസ്സ് ഫീസായി വാങ്ങുന്നുണ്ടെങ്കിലും, നൽകുന്ന ഭക്ഷണത്തിന്റെ അവസ്ഥ അതീവ ദയനീയമാണെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. കോഴിക്കറിയിൽ നിന്ന് തൂവലും രക്തവും, ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് കഷ്ണങ്ങൾ, ചോറിൽ നിന്ന് പാറ്റ എന്നിവ ലഭിക്കുന്നത് പതിവാണെന്നും ഇത് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
മോശം ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുന്ന വിദ്യാർത്ഥികളെ കോളേജ് അധികൃതർ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. പരാതിപ്പെട്ടാൽ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും കോഴ്സ് കഴിയുമ്പോൾ സർട്ടിഫിക്കറ്റുകൾ നൽകില്ലെന്നുമാണ് ഭീഷണി. കൂടാതെ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. ഈ ഏജൻസിയും കോളേജ് അധികൃതരും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച വിദ്യാർത്ഥികൾ, ഹോസ്റ്റലിലെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടിട്ടുണ്ട്. ഒരു മലയാളി ഏജൻസിയാണ് ഈ മെസ്സ് നടത്തുന്നത് എന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്.
