
തിരുവനന്തപുരം: വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയിൽ അടിയന്തര സ്റ്റേയില്ല. ഏതൊക്കെ വിവരങ്ങൾ ടി സെക്ഷൻ പരിധിയിൽ വരുമെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു. പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാരിന് നോട്ടീസ്. മൂന്നാഴ്ച്ചക്കകം മറുപടി നൽകാൻ ഹൈക്കോടതി നിർദേശം നൽകി. നേരത്തെ ആദ്യഘട്ടത്തിൽ വിവരാവകാശ നിയമത്തിൽ നിന്ന് രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ 2022 ൽ ഈ സെഷൻ വീണ്ടും വിവരാവകാശ പരിധിയിൽപ്പെടുത്തി. ഇപ്പോൾ വീണ്ടും വിവരാവകാശത്തിൽ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനെ ആർടിഐയിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.
ഉന്നത വ്യക്തികളുടെ ഫയലുകൾ, രഹസ്യാന്വേഷണ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് T1,T2 സെഷനുകൾ. രാഷ്ട്രീയക്കാർക്കെതിരായ അന്വേഷണങ്ങളും T1, T2 സെക്ഷനുകളിലേക്ക് മാറ്റാൻ കഴിയും. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ ടി സെഷനിലേക്ക് മാറ്റിയാൽ ആർടിഐ പ്രകാരം ഇത് പുറത്തുവരില്ല. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ അടക്കം ആർടിഐയിൽ മറയ്ക്കാനുള്ള നീക്കമാണിതെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു.
