ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുറക്കല്‍ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. 100 ശതമാനം എഥനോള്‍ ഉപയോഗിക്കുന്ന ഇ100 ഫ്ലെക്സ് ഫ്യുവല്‍ രാജ്യവ്യാപകമാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രണ്ട് വര്‍ഷത്തിനുള്ള ഇത്തരം ഇന്ധനം വില്‍ക്കുന്ന 5000 പമ്പുകള്‍ രാജ്യവ്യാപകമായി ആരംഭിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
മെയ് നാലിന് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനി, വാഹനകമ്പനി പ്രതിനിധികള്‍ എന്നിവരെ വിളിച്ച് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. 100 ശതമാനം എഥനോള്‍ മിക്സ് ചെയ്ത ഇന്ധനം രാജ്യവ്യാപകമായി കൊണ്ടു വരുന്നത് സമബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നുവെന്നാണ് വിവരം.
രാജ്യത്തെ പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, ടോയോട്ട കിര്ലോസ്കര് മോട്ടോര്‍, മഹീന്ദ്ര&മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് തുടങ്ങിയ കമ്പനികളെല്ലാം ഇത്തരം ഇന്ധനത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രോടോടൈപ്പുകള്‍ തയാറാക്കിയിട്ടുണ്ട്.
അടുത്ത ഒരു മാസത്തിനുള്ളില്‍ ഫെ്ലക്സ് ഫ്യുവല്‍ വില്‍ക്കുന്ന 150 പമ്പുകള്‍ ഡല്‍ഹി, മുംബൈ, പൂണെ, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളിലായി തുടങ്ങും. 12 മാസങ്ങള്‍ക്കുള്ളില്‍ ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും ഫെ്ലക്സ് ഫ്യൂവല്‍ എത്തും.
പെട്രോളിനേക്കാളും 30 ശതമാനം വിലക്കുറവില്‍ മാത്രമേ ഇ100ന്റെ വില നിശ്ചയിക്കാവുവെന്ന് വാഹനനിര്‍മാതാക്കളുടെ സംഘടന നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇ100 ഇന്ധനം ഉപയോഗിക്കുമ്പോള്‍ വാഹനങ്ങളുടെ മൈലേജ് കുറയുമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
