തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം രംഗത്ത്. മാർച്ച് ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നുവെങ്കിലും, കൗൺസിലർമാർക്കെതിരെ മാത്രം കേസ് എടുത്തതിൽ പൊലീസ് നിലപാട് പുനഃപരിശോധിക്കണമെന്ന് വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടു.
ബിജെപി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചും അക്രമവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ ശ്രീലേഖയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. കൗൺസിലർമാരായ സുമി ബാലു, മഞ്ജു, പ്രവർത്തകരായ അഞ്ജന, പത്മ എന്നിവരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. കൂടാതെ കണ്ടാൽ തിരിച്ചറിയാവുന്ന 50 പേരെയും പ്രതികളായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരള പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുകയാണ്.
