ബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് വൻ പരിഭ്രാന്തി സൃഷ്ടിച്ചു. വാരണാസി വിമാനത്താവളത്തിൽ ഇറങ്ങാൻ വെറും 500 അടി മാത്രം ഉയരത്തിൽ നിൽക്കെയാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അദ്നാൻ അപകടകരമായ നീക്കം നടത്തിയത്. വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ പൈലറ്റിന് മുന്നറിയിപ്പ് നൽകുകയും, പൈലറ്റ് സന്ദർഭോചിതമായി ഇടപെട്ട് ലാൻഡിംഗ് ഒഴിവാക്കി വിമാനം വീണ്ടും ഉയർത്തുകയും ചെയ്തതോടെ വലിയൊരു ദുരന്തം ഒഴിവായി. പിന്നീട് രാത്രി 10:35-ഓടെ വിമാനം സുരക്ഷിതമായി താഴെയിറക്കി.
യാത്ര തുടങ്ങി 15 മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ ഇയാൾ എമർജൻസി വാതിലിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകിയപ്പോൾ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ അദ്നാൻ, വിമാനം നിലത്തിറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് വീണ്ടും വാതിൽ തുറക്കാൻ തുനിഞ്ഞത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ തന്നെ ഇയാളെ എയർലൈൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും സി.ഐ.എസ്.എഫിനും കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിനിടെ തനിക്ക് “പ്രേതബാധ” ഏറ്റതാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഇയാൾ ആദ്യം അവകാശപ്പെട്ടത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ, ഗോവയിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങുകയാണെന്നും താൻ പിടിച്ചു വലിച്ചത് എമർജൻസി വാതിലിന്റെ ഹാൻഡിൽ ആണെന്ന് തിരിച്ചറിഞ്ഞില്ലെന്നുമാണ് ഇയാൾ മൊഴി നൽകിയത്. മൗ ജില്ലയിലുള്ള ഇയാളുടെ കുടുംബത്തെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിന് യാത്രക്കാർ നന്ദി രേഖപ്പെടുത്തി.
