ഉത്തർപ്രദേശിലെ ലഖ്‌നൗ അലിഗഞ്ച് മേഖലയിലുള്ള കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലാണ് തീ പടർന്നത്. കെട്ടിടത്തിനുള്ളിൽ പന്ത്രണ്ടോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. വിവരമറിഞ്ഞയുടൻ അടിയന്തര സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കെട്ടിടത്തിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ നാട്ടുകാർ ചേർന്ന് ആറുപേരെ കെട്ടിടത്തിന് പുറത്തെത്തിച്ചു. രക്ഷപ്പെടുന്നതിനായി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതൽ പേർ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉന്നത ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനും അദ്ദേഹം ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.
