കൊച്ചി: അപകീർത്തികരമായ പരാമർശങ്ങളും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും ചൂണ്ടിക്കാട്ടി നടി അൻസിബ വീണ്ടും പൊലീസിൽ പരാതി നൽകി. നടിമാരായ ലക്ഷ്മിപ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് പരാതി. പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ, യൂട്യൂബ് അഭിമുഖത്തിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ ഗുരുതരവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും, സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കഥകളും വ്യാജ പ്രചാരണങ്ങളും നടത്തുകയാണെന്നും അൻസിബ ആരോപിക്കുന്നു. ഈ പ്രചാരണങ്ങൾക്ക് പിന്നിൽ ‘അമ്മ’യുടെ മുൻ പ്രസിഡന്റ് ശ്വേത മേനോനാണെന്നും പരാതിയിൽ അൻസിബ ആരോപിച്ചിട്ടുണ്ട്.
ടിനി ടോം തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന ആരോപണവുമായി അൻസിബ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തുടർന്ന് ലക്ഷ്മിപ്രിയയും വിഷയത്തിൽ പ്രതികരിച്ചതോടെ വിഷയം കൂടുതൽ രൂക്ഷമാക്കുകയായിരുന്നു.
ഈ വിവാദം പിന്നീട് പൊലീസ് കേസായതോടൊപ്പം ‘അമ്മ’ സംഘടനയ്ക്കുള്ളിലും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. അടുത്തിടെ നടന്ന ജനറൽ ബോഡി യോഗത്തിലും വിഷയം ഉയർന്നിരുന്നു. യോഗത്തിന് പിന്നാലെ ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ രാജിവെച്ചതും ശ്രദ്ധേയമായിരുന്നു.
