കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരൻ ഫൈസാൻ മരിച്ചു. കല്ലായി റോഡ് കണ്ണഞ്ചേരിയിലെ ‘മുബസാന’യിൽ അഹമ്മദിന്റെ മകനാണ് ഫൈസാൻ. ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
വെള്ളിയാഴ്ച രാവിലെ 7.50-ന് അയൽവീട്ടിലേക്ക് കളിക്കാൻ പോകുന്നതിനിടെ റെയിൽപ്പാളം മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പാളത്തിന്റെ മധ്യത്തിലേക്ക് തെറിച്ചുവീണ കുട്ടിയുടെ മുകളിലൂടെ തീവണ്ടി കയറിപ്പോവുകയായിരുന്നു.
അപകടത്തെത്തുടർന്ന് അബോധാവസ്ഥയിലായ ഫൈസാനെ പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ടി. സുനിത, എസ്സിപിഒ കെ.സി. വിജേഷ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ കെ.കെ. ബൈജുരാജ്, കെ. അനൂപ്കുമാർ, എം. തീർഥ, ഹോംഗാർഡ് കെ. സന്തോഷ് എന്നിവർ ചേർന്ന് മീഞ്ചന്ത ഫയർഫോഴ്സിന്റെ ആംബുലൻസിൽ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. റെയിൽപ്പാളം അനധികൃതമായി മുറിച്ചുകടക്കുന്നതിലെ അപകടസാധ്യതകൾ വിളിച്ചോതുന്നതാണ് ഈ ദാരുണമായ സംഭവം.
