Home » Blog » Kerala » “രാമന്റെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവരെ ഭഗവാൻ രാമൻ തന്നെ പുറത്താക്കും” ; രാമക്ഷേത്ര വിവാദത്തിൽ ബിജെപിയെ വിമർശിച്ച് കെജ്‌രിവാൾ
7

ലഖ്നൗ: ഭഗവാൻ രാമന്റെ പേര് ഉപയോഗിച്ചാണ് ബിജെപി അധികാരത്തിലെത്തിയതെങ്കിലും, അവരെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതും ഭഗവാൻ രാമൻ തന്നെയായിരിക്കുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണങ്ങൾക്കിടെ ക്ഷേത്രം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വിലപിടിപ്പുള്ള വജ്രങ്ങൾ, രത്നങ്ങൾ, സ്വർണ പാദുകങ്ങൾ, മാലകൾ തുടങ്ങിയവ കാണാതായതായി കെജ്‌രിവാൾ ആരോപിച്ചു. കൂടാതെ, ഏകദേശം 200 കോടി രൂപയും 200 കിലോഗ്രാം വെള്ളിയും ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.  ഈ വിവാദങ്ങൾക്ക് പിന്നാലെ ക്ഷേത്രത്തിലേക്കുള്ള സംഭാവനയിൽ വൻ ഇടിവുണ്ടായെന്നും കെജ്‌രിവാൾ പറഞ്ഞു. മുമ്പ് പ്രതിദിനം 12 മുതൽ 14 ലക്ഷം രൂപവരെ ലഭിച്ചിരുന്ന സംഭാവന ഇപ്പോൾ ഒരു ലക്ഷം രൂപയിൽ താഴെയായെന്നും, ക്ഷേത്ര ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണവിധേയരെ ‘സംഭാവനാ കള്ളൻമാർ’ എന്നാണ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, നിയമനടപടിക്കൊപ്പം സമൂഹവും ഇത്തരം ആളുകളെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആ പാപത്തിൽ സമൂഹവും പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും കെജ്‌രിവാൾ ആരോപിച്ചു. കേസിൽ എട്ട് ജൂനിയർ ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്തത് യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും, ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി താഴെത്തട്ടിലുള്ളവരെ ബലിയാടാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെ പരാമർശിച്ച കെജ്‌രിവാൾ, “അദ്ദേഹത്തിന്റെ കൈവശം എന്ത് രഹസ്യമാണുള്ളത്? അതുകൊണ്ടാണോ പ്രധാനമന്ത്രി പോലും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തത്?” എന്നും ചോദിച്ചു. ചമ്പത് റായിയെയും ക്ഷേത്ര ട്രസ്റ്റിനെയും സംരക്ഷിക്കുന്നത് കോടിക്കണക്കിന് ഹിന്ദു വിശ്വാസികളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.