Home » Blog » Kerala » രാത്രി മുറിയിലേക്ക് ക്ഷണിച്ചു, ഷർട്ട് ഇടാത്ത ചിത്രം അയച്ചു തന്നു”; കരിയറിലെ കടുത്ത ദുരനുഭവങ്ങൾ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്
gtyutg-680x450

മലയാളം ടെലിവിഷൻ അവതാരിക രഞ്ജിനി ഹരിദാസ് തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ മോശമായി മുദ്രകുത്തുന്ന സമൂഹത്തിന്റെ മനോഭാവത്തെയും, വിദേശ ഷോകളുടെയും പരസ്യചിത്രീകരണങ്ങളുടെയും മറവിൽ നടന്ന അനാശ്വാസ്യ ശ്രമങ്ങളെയും താൻ എങ്ങനെ നേരിട്ടു എന്ന് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം തുറന്നടിച്ചു. ദുബായ് ഷോയ്ക്കിടയിൽ കെണിയിലാക്കാൻ നോക്കിയ സംഘാടകർക്കെതിരെ പ്രതികരിച്ചതും കണ്ണൂരിലെ പരസ്യചിത്രീകരണത്തിന് ശേഷം അനാവശ്യ ആവശ്യവുമായി സമീപിച്ച വ്യക്തിയെ പൊതുമധ്യത്തിൽ ചോദ്യം ചെയ്തതുമടക്കം ഞെട്ടിക്കുന്ന സംഭവങ്ങളാണ് രഞ്ജിനി വെളിപ്പെടുത്തിയത്.

 

തന്റെ പതിനെട്ടാമത്തെ വയസ്സിൽ മിസ് കേരള പദവിയോടെ വിദേശ ഷോകളിൽ പങ്കെടുത്തു തുടങ്ങിയ കാലത്ത് വലിയ താരങ്ങളിൽ നിന്നും മാന്യമായ പെരുമാറ്റമാണ് ലഭിച്ചതെന്നും എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞെന്നും രഞ്ജിനി പറയുന്നു. ഒരിക്കൽ ദുബായിൽ ഷോയ്ക്ക് പോയപ്പോൾ കൂടെയുണ്ടായിരുന്ന വനിതാ ആർട്ടിസ്റ്റുകളുടെ മുറികളിലേക്ക് അപരിചിതർ ഫോൺ വിളിക്കുകയും വാതിലിൽ മുട്ടുകയും ചെയ്ത സംഭവം ഉണ്ടായി. അതിനിടയിൽ ഷോയുടെ സ്പോൺസർമാരിൽ ഒരാൾ തനിക്ക് മൊബൈൽ ഫോൺ വാഗ്ദാനം ചെയ്തെങ്കിലും താൻ അത് നിരസിച്ചു. ഷോ കഴിഞ്ഞ ദിവസം രാത്രി, ഡിന്നർ എന്ന് പറഞ്ഞ് കള്ളം ബോധിപ്പിച്ച് തങ്ങളെ ഒന്നര മണിക്കൂറോളം ദൂരെയുള്ള ഒരു ഉൾപ്രദേശത്താണ് സംഘാടകർ എത്തിച്ചത്. അവിടെയെത്തിയപ്പോൾ ഡിന്നറിന് പകരം മദ്യവും മറ്റ് അനാശ്വാസ്യ കാര്യങ്ങളുമാണ് നടന്നിരുന്നത്. കടുത്ത അപകടം പിടിച്ച ആ സാഹചര്യത്തിൽ ഒരു സ്ത്രീയെന്ന നിലയിൽ വലിയ അപമാനം തോന്നിയെന്നും, ഒടുവിൽ താൻ തന്നെ മുൻകൈയെടുത്ത് വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയാണ് എല്ലാവരെയും കൊണ്ട് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും രഞ്ജിനി ഓർത്തെടുത്തു.

വർഷങ്ങൾക്ക് ശേഷം കണ്ണൂരിൽ വെച്ച് നടന്ന മറ്റൊരു സംഭവവും താരം വെളിപ്പെടുത്തി. ഒരു പരസ്യചിത്രീകരണത്തിന് ശേഷം പ്രതിഫലം നൽകിയ വ്യക്തി, രാത്രി അവിടെ തങ്ങുന്നത് കരാറിന്റെ ഭാഗമാണെന്ന് നേരിട്ട് പറയുകയായിരുന്നു. പരസ്യത്തിന്റെ കോർഡിനേറ്ററാണ് തനിക്ക് ഈ ഉറപ്പ് നൽകിയതെന്ന് അയാൾ വെളിപ്പെടുത്തിയതോടെ, അയാളെ മുറിക്ക് പുറത്താക്കി താഴേക്ക് കൊണ്ടുപോവുകയും തന്റെ ഡ്രൈവർ ആശിഖിനെ സാക്ഷിനിർത്തി ഹോട്ടലിന് പുറത്തുവെച്ച് കോർഡിനേറ്ററെയും ആ വ്യക്തിയെയും പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് പേടിച്ചുപോയ ആ വ്യക്തിയുടെ വീട്ടിലേക്ക് തന്നെ വണ്ടിയിൽ കയറ്റി കൊണ്ടുപോവുകയും, ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ മുന്നിൽ വെച്ച് അയാളുടെ മുഖംമൂടി അഴിക്കാൻ തുനിയുകയും ചെയ്തു. പുറമെ മാന്യന്മാരായി ജീവിക്കുകയും മറുഭാഗത്ത് സ്ത്രീകളോട് വൃത്തികെട്ട രീതിയിൽ പെരുമാറുകയും ചെയ്യുന്ന ഇത്തരം മനുഷ്യരോട് കടുത്ത അറപ്പാണ് തോന്നിയതെന്ന് രഞ്ജിനി വ്യക്തമാക്കുന്നു.

 

ഇതുകൂടാതെ സിനിമ-സംഗീത മേഖലകളിൽ നിന്നുള്ള പ്രമുഖരിൽ നിന്നുണ്ടായ മോശം അനുഭവങ്ങളും താരം പങ്കുവെച്ചു. എല്ലാവർക്കും അറിയാവുന്ന, തന്റെ നല്ല സുഹൃത്തായിരുന്ന ഒരു നടൻ ഒരിക്കൽ തനിക്ക് ഷർട്ട് ഇടാത്ത ചിത്രം അയച്ചു തരികയും തിരിച്ച് അത്തരമൊരു ഫോട്ടോ ആവശ്യപ്പെടുകയും ചെയ്തു. അതുപോലെ സംഗീതലോകത്ത് പ്രശസ്തനായ മറ്റൊരു വ്യക്തി തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടപ്പോൾ താൻ ശക്തമായി പ്രതികരിച്ചതായും രഞ്ജിനി പറയുന്നു. ചോദിക്കുന്നത്ര പണം വാഗ്ദാനം ചെയ്ത് ഉദ്ഘാടന പരിപാടികൾക്ക് വിളിക്കുകയും അതിനൊപ്പം ‘മറ്റ് ചില ആവശ്യങ്ങൾ’ കൂടി ഉണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്യുന്ന പ്രമുഖ മോഡൽ-ഷോ കോർഡിനേറ്റർമാർ ഇന്നും ഈ നാട്ടിലുണ്ടെന്നത് സങ്കടകരമായ വസ്തുതയാണെന്നും താരം കൂട്ടിച്ചേർത്തു.