തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സലിം കുമാറെന്നും, സിനിമയ്ക്ക് അപ്പുറം കുടുംബങ്ങൾ തമ്മിൽ വലിയ ബന്ധമാണുള്ളതെന്നും സംവിധായകൻ ലാൽ ജോസ്. തന്നേക്കാൾ പ്രായം കുറവാണെങ്കിലും ഒരു കാരണവരെപ്പോലെയാണ് സലിം കുമാർ പെരുമാറാറുള്ളതെന്നും, വിഷാദത്തെപ്പോലും പോസിറ്റീവ് ആയി കാണാൻ കഴിയുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നും ലാൽ ജോസ് പറയുന്നു. തന്റെ വീട്ടിലെ പച്ചക്കറിത്തോട്ടം പോലും സലിം കുമാർ നൽകിയ ചെടികൾ കൊണ്ട് സമ്പന്നമാണ്. സലിം കുമാറിന്റെ വിയോഗം വലിയൊരു ശൂന്യതയാണ് അവശേഷിപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ മകൻ ചന്തു തന്റെ പിതാവിന്റെ തനിപ്പകർപ്പാണെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
അതേസമയം, ചന്തുവിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അതിരൂക്ഷമായാണ് ലാൽ ജോസ് വിമർശിച്ചത്. മനസ്സിൽ തോന്നുന്നത് തുറന്നു പറയുന്ന, വ്യക്തമായ നിരീക്ഷണപാടവമുള്ള ചന്തുവിനെ ലക്ഷ്യം വെക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. എല്ലാവർക്കും അവരവരുടെതായ വ്യക്തിപരമായ ഇടങ്ങൾ ഉണ്ടെന്നും, അത് മാനിക്കാൻ പലർക്കും കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തിലുള്ള ലൈസൻസോ നിയന്ത്രണമോ ഇല്ലാതെ, കയ്യിലൊരു മൊബൈലുമായി ആരുടെ അടുത്തേക്കും ഓടിനടക്കുന്ന പ്രവണത അപകടകരമാണ്.
എയർപോർട്ടുകളിലും ജിമ്മുകളിലും വരെ ഇത്തരം ആളുകൾ നടികൾക്കും താരങ്ങൾക്കും പിന്നാലെ നടക്കുന്നത് വലിയ ശല്യമായി മാറിയിരിക്കുകയാണ്. കഴുത്തിലെ ലോക്കറ്റിനെക്കുറിച്ച് വരെ ചോദിക്കുന്ന, ഇത്തരം ‘ഊള ചോദ്യങ്ങൾ’ ചോദിക്കുന്നവരെ ഹൂളിഗൻസ് എന്ന് മാത്രമേ വിളിക്കാനാകൂ. സോഷ്യൽ മീഡിയയുടെ പേരിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ തടയുന്നതിന് ശക്തമായ നിയമനിർമ്മാണം അനിവാര്യമാണെന്നും ലാൽ ജോസ് ആവശ്യപ്പെട്ടു.
