രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. കേരളത്തിന് പുറമെ ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പ്രളയം രൂക്ഷമായ അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.28 ലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്.
തമിഴ്‌നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. സംസ്ഥാനത്തെ പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
