Home » Blog » kerala Mex » രാജസ്ഥാൻ റോയൽസിന് സഞ്ജുവിന്റെ ശൂന്യത പ്രതിസന്ധിയാകുന്നു; നായകനായി റിയാൻ പരാഗ്! പകരക്കാരനാകാൻ ജഡേജ
riyan-parag-680x450

പിഎൽ പത്തൊൻപതാം സീസണിലേക്ക് പാഡണിയുമ്പോൾ രാജസ്ഥാൻ റോയൽസ് നേരിടുന്ന ഏറ്റവും വലിയ ശൂന്യത സഞ്ജു സാംസൺ എന്ന നായകന്റെ അഭാവമാണ്. ടീമിന്റെ നെടുന്തൂണായിരുന്ന മലയാളി താരം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മഞ്ഞക്കുപ്പായത്തിലേക്ക് മാറിയതോടെ, സഞ്ജുവിന് പകരക്കാരില്ലെന്ന യാഥാർത്ഥ്യം പുതിയ നായകൻ റിയാൻ പരാഗ് തന്നെ തുറന്നുപറയുന്നു. സഞ്ജുവിന്റെ വിടവ് നികത്തുക എന്നതാവും ഇക്കുറി പിങ്ക് നഗരത്തിലെ പോരാളികൾ നേരിടുന്ന പ്രധാന വെല്ലുവിളി.

സഞ്ജുവിന് പകരം ചെന്നൈയിൽ നിന്ന് ടീമിലെത്തിയ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയിലാണ് രാജസ്ഥാൻ ആരാധകർക്ക് വലിയ പ്രതീക്ഷ. ഒപ്പം സ്പിന്നർ രവി ബിഷ്‌ണോയിയുടെ വരവും ടീമിന് കരുത്തേകും. രാഹുൽ ദ്രാവിഡിന് പകരം കുമാർ സംഗക്കാര വീണ്ടും പരിശീലകനായി തിരിച്ചെത്തിയതും ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. മുംബൈ ഇന്ത്യൻസിലൂടെ ശ്രദ്ധേയനായ വിഘ്‌നേഷ് പുത്തൂരാണ് ഇക്കുറി ടീമിലെ മലയാളി സാന്നിധ്യം. എന്നാൽ, സാം കറന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്.

യുവതാരം വൈഭവ് സൂര്യവംശയുടെ ബാറ്റിംഗ് പ്രകടനത്തിനായാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. അണ്ടർ-19 ലോകകപ്പ് കിരീടത്തിളക്കത്തിൽ എത്തുന്ന വൈഭവും യശസ്വി ജയ്‌സ്വാളും ചേരുന്ന ഓപ്പണിംഗ് സഖ്യം രാജസ്ഥാന് മികച്ച തുടക്കം നൽകുമെന്നാണ് കരുതുന്നത്. ഷിമ്രോൺ ഹെറ്റ്‌മെയർ വൺഡൗൺ ആയി എത്തുമ്പോൾ മധ്യനിരയിൽ റിയാൻ പരാഗ്, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ എന്നിവർ കരുത്താകും. ബോളിംഗ് നിരയെ നയിക്കാൻ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർക്കൊപ്പം സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ തുടങ്ങിയവരുമുണ്ട്.

ശക്തമായ താരനിരയുണ്ടെങ്കിലും ചില പോരായ്മകൾ ടീമിനെ അലട്ടുന്നുണ്ട്. ഫിനിഷറുടെ റോളിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളുടെ അഭാവം പ്രകടമാണ്. കൂടാതെ, ബാറ്റിംഗ് നിരയിലെ ആദ്യ മൂന്നുപേരും ഇടംകൈയന്മാരാകുന്നത് എതിർ ടീമുകൾക്ക് അനുകൂലമായേക്കാം. റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിയിലും ആരാധകർക്ക് ചെറിയ ആശങ്കയുണ്ട്; കഴിഞ്ഞ സീസണിൽ അദ്ദേഹം നയിച്ച എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. ഈ പ്രതിസന്ധികളെല്ലാം മറികടന്ന് രണ്ടാം കിരീടം ജയ്പൂരിലെത്തിക്കാൻ പരാഗിനും സംഘത്തിനും സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.