യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കില്ലെന്നും പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഡി-നോട്ടിഫൈ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ വെറും പരസ്യ ഏജൻസിയായി മാറിയ കിഫ്ബിയും ലാഭത്തിലായിരുന്ന ബാങ്കുകളെ പ്രതിസന്ധിയിലാക്കിയ കേരള ബാങ്ക് വിഷയവും യുഡിഎഫ് സർക്കാർ പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ദുരിതാശ്വാസ നിധിയിലെ കണക്കുകളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കും സതീശൻ മറുപടി നൽകി. പദ്ധതി പൂർത്തിയാകുമ്പോൾ കോൺഗ്രസ് കൃത്യമായ കണക്ക് അവതരിപ്പിക്കുമെന്നും, മറ്റുള്ളവരെ വിമർശിക്കുന്നതിന് മുൻപ് രക്തസാക്ഷി ഫണ്ട് തട്ടിച്ചവർ സ്വന്തം കണക്ക് പറയട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷം അർഹമായ ഫണ്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രശേഖർ റാവുവിനെപ്പോലെ സ്വന്തം കുടുംബത്തിന് വേണ്ടിയാണ് പിണറായി വിജയനും ഭരണം നടത്തുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചു. തെലങ്കാനയിലെ വികസന മാതൃകകൾ നേരിട്ട് കാണാൻ പിണറായിയെ അദ്ദേഹം ക്ഷണിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടും തെലങ്കാന ആർടിസി ലാഭത്തിലാണെന്നും, യുഡിഎഫ് കേരളത്തിൽ നൽകുന്ന ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് താൻ ഉറപ്പുനൽകുന്നുവെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. കേരളത്തിലെ യുവാക്കൾ യുഡിഎഫിനെ പിന്തുണച്ചാൽ തെലങ്കാനയിലേതിന് സമാനമായ വികസനം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
