തൃശൂർ: മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കുതിരാൻ തുരങ്കത്തിന് ഏകദേശം 60 മീറ്ററിന് മുകളിലായി മണ്ണിടിഞ്ഞു വീണത്. സംഭവത്തെത്തുടർന്ന് ജില്ലാ കളക്ടറും എം.എൽ.എയും മന്ത്രിയും അടക്കമുള്ളവർ പ്രദേശം സന്ദർശിക്കുകയും പരിശോധനയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു. ജിയോളജി വകുപ്പ് തുരങ്കത്തിന് മുകളിൽ നടത്തിയ പരിശോധനയിൽ, തുരങ്കത്തിന് മുകൾഭാഗത്ത് അപകടകരമായ രീതിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
മണ്ണിടിച്ചിൽ ഭീഷണി പൂർണ്ണമായി ഒഴിവാക്കുന്നതിനായി മരങ്ങൾ മുറിച്ചു മാറ്റുകയും പാറക്കെട്ടുകൾ ബലപ്പെടുത്തി ആവശ്യമായ സംരക്ഷണവസ്തുക്കൾ ഒരുക്കാനുമാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിലെ നിർദ്ദേശം. ഇതിന്റെ പശ്ചാത്തലത്തിലാണ് തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന തുരങ്കമുഖത്ത് സുരക്ഷ മുൻനിർത്തി ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.
