Home » Blog » kerala Max » മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്: ശ്രീഹരിയെ കുടുക്കിയത് പ്രൊജക്റ്റ് വര്‍ക്ക്
sreehari

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതി ശ്രീഹരിയെ കുടുക്കിയത് പ്രൊജക്റ്റ് വര്‍ക്കെന്ന് വിവരം. പ്രോജക്റ്റ് പ്രവര്‍ത്തനത്തിനിടെ സഹപാഠിയായ വിദ്യാര്‍ത്ഥിനിക്ക് ശ്രീഹരിയുടെ ഫോണ്‍ കൈവശം ലഭിക്കുകയായിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് തന്റേതുള്‍പ്പടെയുള്ള പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പെണ്‍കുട്ടി ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തുന്നത്. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ക്യാമ്പസിലെ ഏഴ് വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത നഗ്ന ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോണിലും ലാപ്‌ടോപ്പിലും ആദ്യം തുറക്കുന്ന ഫോൾഡറില്‍ പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ ചിത്രങ്ങളാണ് ഉണ്ടായിരുന്നുത്. എന്നാല്‍ ഇതിലെ രഹസ്യ ഫോള്‍ഡറിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രതി സൂക്ഷിച്ചിരുന്നത്. ഇത് ടെലഗ്രം ഗ്രൂപ്പുകളിലൂടെ പണം വാങ്ങി പ്രചരിപ്പിച്ചിരുന്നു എന്നും പൊലീസ്  കണ്ടെത്തിയിരുന്നു.

എന്നാല്‍ സംഭവം പുറത്തായതിന് പിന്നാലെ കുറ്റകൃത്യത്തിനുപയോഗിച്ച ടെലഗ്രാം ഗ്രൂപ്പുകള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്ത നിലയിലാണ്. ആളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാകുന്ന ടെലിഗ്രാമിലെ അനോണിമിറ്റി സംവിധാനമാണ് പ്രതി പ്രയോജനപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ടെലഗ്രാമില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. പ്രതിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. പ്രതി താമസിച്ചിരുന്ന മുറിയിലും പൊലീസ് പരിശോധന നടത്തി.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനും ഡിലീറ്റ് ചെയ്ത ഗ്രൂപ്പുകളുടെയും ഉള്ളടക്കത്തിന്റെയും ഉറവിടം കണ്ടെത്തുന്നതിനും വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ സി കെ ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *