ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ആരോഗ്യനില സംബന്ധിച്ച അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ഇറാൻ രംഗത്തെത്തി. ഖമേനിയുടെ കൈകാലുകൾക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റതായും, അദ്ദേഹം പ്ലാസ്റ്റിക് സർജറിക്കും കൃത്രിമ അവയവം വെച്ചുപിടിപ്പിക്കുന്നതിനും വിധേയനായതായുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വ്യക്തമാക്കി. മുജ്തബ ഖമേനി പൂർണ്ണ ആരോഗ്യവാനാണെന്നും ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്നുമാണ് ഇറാനിയൻ ഔദ്യോഗിക ഏജൻസികൾ അവകാശപ്പെടുന്നത്. ഖമേനിയുടെ പരിക്കുകൾ സംബന്ധിച്ച വാർത്തകൾ ശത്രുക്കൾ പ്രചരിപ്പിക്കുന്ന വെറും അപവാദങ്ങളാണെന്നും അധികൃതർ ആരോപിച്ചു.
അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും, മുഖത്തിന് വൈകല്യമുണ്ടാക്കുന്നതോ അംഗഭംഗം വരുത്തുന്നതോ ആയ പരിക്കുകൾ ഇല്ലെന്നും ഇറാന്റെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനായ ഹുസൈൻ കെർമാൻപൂർ വ്യക്തമാക്കി. മുറിവുകളിൽ ഏതാനും തുന്നലുകൾ മാത്രമേ ഇടേണ്ടി വന്നിട്ടുള്ളൂ. ഖമേനിയുടെ നടുവിനേറ്റ പരിക്ക് ഭേദപ്പെട്ടുവെന്നും മുട്ടിലെ പരിക്ക് ഉടൻ മാറുമെന്നും ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുകയാണെന്നും, ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കുമെന്നും ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്നും പരമോന്നത നേതാവിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, ഖമേനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് മുൻപ് പുറത്തുവന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. അദ്ദേഹത്തിന്റെ ഒരു കാലിൽ മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയെന്നും ഇനി കൃത്രിമക്കാൽ ഉപയോഗിക്കേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന് പുറമെ കൈക്കും ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും, മുഖത്തും ചുണ്ടിലും വലിയതോതിൽ പൊള്ളലേറ്റതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നേക്കാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാദങ്ങളെയെല്ലാം ഇറാൻ ഇപ്പോൾ ഔദ്യോഗികമായി നിഷേധിച്ചിരിക്കുകയാണ്.
പിതാവ് ആയത്തുള്ള അലി ഖൊമേനിയുടെ മരണശേഷം അധികാരം ഏറ്റെടുത്ത മൊജ്തബ ഇതുവരെയും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതുതന്നെയാണ് ഈ വിഷയത്തിലെ ദുരൂഹതകൾക്ക് കാരണം. എങ്കിലും കഴിഞ്ഞ വ്യാഴാഴ്ച ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വെളിപ്പെടുത്താത്ത ഒരിടത്തുവെച്ച് ഖമേനിയെ കണ്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷമാദ്യം ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിലാണ് മുജ്തബയ്ക്ക് പരിക്കേറ്റത്.
