Home » Blog » Kerala » ​മേഘാലയ ഹണിമൂൺ കൊലപാതകം; വിചാരണ കോടതിയിൽ കീഴടങ്ങാൻ പ്രതിക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി
supreme-cort-680x390

ഹണിമൂൺ കൊലപാതക കേസിൽ പ്രതിയായ സോനം രഘുവംശിക്ക് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി. മൂന്നാഴ്ചത്തിനകം വിചാരണ കോടതിയിൽ കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയായില്ലെങ്കിൽ സോനം രഘുവംശിക്ക് ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

 

കേസിൽ സോനത്തിന് മുന്നിൽ രണ്ട് വഴികളാണ് സുപ്രീം കോടതി വെച്ചിരുന്നത്. ജാമ്യത്തിന്റെ ഗുണദോഷങ്ങൾ അന്വേഷിക്കണോ എന്ന് തീരുമാനിക്കുകയോ, അല്ലെങ്കിൽ പ്രധാന പ്രോസിക്യൂഷൻ സാക്ഷികളെ വിചാരണ കോടതി വിസ്തരിക്കുന്നതുവരെ താൽക്കാലികമായി കീഴടങ്ങുകയോ ചെയ്യുക എന്നതായിരുന്നു അത്. മുൻപ് വാദം കേൾക്കുന്നതിനിടെ, കീഴ്‌ക്കോടതികൾ സോനം രഘുവംശിക്ക് ജാമ്യം അനുവദിച്ചതിലെ കാരണങ്ങളെക്കുറിച്ച് ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. നിർണായക തെളിവുകൾ രേഖപ്പെടുത്തുന്ന സമയത്ത് പ്രതി കീഴടങ്ങുന്നതാണ് ഉചിതമായ നടപടിയെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

 

2025 മെയ് മാസത്തിൽ മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന നടത്തിയെന്നാണ് സോനം രഘുവംശിക്കെതിരെയുള്ള കേസ്. സോനത്തിന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റ് രേഖകളിലെ ചെറിയൊരു അക്ഷരത്തെറ്റ് കൊലപാതക കുറ്റമായ ബി.എൻ.എസ്. സെക്ഷൻ 103-ന് പകരം സെക്ഷൻ 403 എന്ന് പരാമർശിച്ചത്, ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി ജാമ്യം നൽകിയിരുന്നത്. എന്നാൽ ക്ലറിക്കൽ പിഴവ് മാത്രം ചൂണ്ടിക്കാട്ടി ജാമ്യം നൽകുന്നത് ന്യായീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ നിരന്തരം വാദിച്ചു.

 

മേഘാലയയിൽ ഹണിമൂണിനിടെ രാജയെയും സോനം രഘുവംശിയെയും കാണാതായതോടെയാണ് ഈ സംഭവം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് വീസാവോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ നിന്ന് സോനത്തെയും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സോനം രഘുവംശിയും കാമുകൻ രാജ് കുശ്വാഹയുമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരെന്നും പോലീസ് കണ്ടെത്തിയത്.