ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ബാധകമാകാതെ 30 ദിവസത്തെ പൊതുലൈസൻസ് അനുവദിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഏപ്രിൽ 11ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമായാണ് പുതിയ തീരുമാനം. പുതിയ ഉത്തരവനുസരിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള അനുമതി തുടരും. എന്നാൽ ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങൽ സാധ്യമല്ലെന്നാണ് സൂചന. അമേരിക്കൻ ധനകാര്യ വകുപ്പ് വെള്ളിയാഴ്ച രാത്രി വൈകിയാണ് ഈ ലൈസൻസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം വെള്ളിയാഴ്ച മുതൽ മേയ് 16 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ രാജ്യങ്ങൾക്ക് വാങ്ങാൻ അനുമതി ലഭിക്കും.
ഏഷ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് ഇന്ത്യ, ഈ ഉപരോധ ഇളവുകൾ നീട്ടണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ–അമേരിക്ക സംഘർഷത്തെ തുടർന്ന് ആഗോള എണ്ണവില ഉയർന്ന സാഹചര്യത്തിൽ ഇളവുകൾ തുടരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഈ ഇളവ് ഇന്ത്യയ്ക്ക് വലിയ പ്രയോജനമാണ്. ഇളവ് പ്രാബല്യത്തിൽ വന്നതോടെ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഇന്ത്യ ഓർഡർ ചെയ്തതായാണ് റിപ്പോർട്ട്.
എന്നാൽ, രണ്ട് ദിവസം മുൻപ് അമേരിക്കയുടെ ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞത് ഇതിന് വിരുദ്ധമായിരുന്നു. ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വാങ്ങാനുള്ള ലൈസൻസുകൾ മാർച്ചിൽ പുതുക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം, ട്രംപ് ഭരണകൂടം റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വ്യാപാരത്തിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ അമേരിക്കയിൽ വലിയ രാഷ്ട്രീയ എതിർപ്പ് ഉയർന്നു. “റഷ്യയ്ക്കുള്ള ഉപരോധ ഇളവ് ഒരിക്കലും നീട്ടരുത്. ട്രംപിന്റെ ഇളവ് റഷ്യയ്ക്ക് യുദ്ധത്തിനായി പണം നൽകുന്നു, ഇത് ഇറാനെയും സഹായിക്കുന്നു” എന്ന് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താൽ പറഞ്ഞു. കോൺഗ്രസ് അംഗങ്ങളായ ഗ്രെഗറി മീക്സ്, വില്യം കീറ്റിംഗ് എന്നിവർ റഷ്യൻ ഉപരോധ ഇളവ് അവസാനിപ്പിക്കാനുള്ള ബിൽ അവതരിപ്പിക്കുകയും ചെയ്തു.
