സിപിഐഎം അംഗത്വം പുതുക്കില്ലെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. ജി. സുധാകരൻ ഏറെ പക്വതയുള്ള നേതാവാണെന്നും പാർട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥി കാലഘട്ടം മുതൽ ഒന്നിച്ച് പ്രവർത്തിച്ചവരാണ് തങ്ങളെന്നും, ഒരുപാട് കാലത്തെ അനുഭവപരിചയമുള്ളവരാണെന്നും അതുകൊണ്ട് തന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സഖാവല്ല അദ്ദേഹമെന്നും ഇ പി ജയരാജൻ പറഞ്ഞു.
തന്നെ പൊതുപരിപാടികളിൽ നിന്ന് മാറ്റിനിർത്തുന്നുവെന്നും അടിയന്തരാവസ്ഥാ വാർഷിക പരിപാടിയിൽ പോലും ക്ഷണിച്ചില്ലെന്നും സുധാകരൻ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ പരസ്യമായി പരിഹസിച്ചുവെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ അവഗണിച്ചുവെന്നുമാണ് സുധാകരന്റെ പരാതി. നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. പ്രാദേശിക നേതൃത്വവും ജില്ലാ സെക്രട്ടറിയും സുധാകരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായിട്ടില്ല.
