സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ നേരിട്ട് സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പുതിയ ആരോഗ്യ മന്ത്രി ആദ്യം രോഗികളുമായി ചർച്ച നടത്തണമെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ നിർദ്ദേശം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം. നിലവിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗീ പരിചരണത്തിൽ ഉണ്ടാകുന്ന പരിമിതികൾ പരിഹരിക്കാൻ സർക്കാർ ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രങ്ങളായ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന ഡോക്ടർമാരുടെ ദൗർലഭ്യം, ശുചിത്വക്കുറവ് തുടങ്ങിയ പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണുമെന്നും, ആശുപത്രികൾ വൃത്തിയായി സൂക്ഷിക്കാൻ ക്ലീനിങ് സ്റ്റാഫുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയെന്ന സർക്കാരിന്റെ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനൊപ്പം നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ വർദ്ധിപ്പിക്കും. മെഡിക്കൽ കോളേജുകളുടെ വിജയം എന്നത് അവിടേക്ക് എത്തുന്ന രോഗികളുടെ എണ്ണമല്ല, മറിച്ച് എത്തുന്നവർക്ക് എത്രത്തോളം മികച്ച സൗകര്യങ്ങൾ ഒരുക്കി നൽകുന്നു എന്നതിലാണ്. സർക്കാർ ആശുപത്രികളെ സമീപിക്കുന്ന ഏതൊരാൾക്കും മികച്ച ചികിത്സ ഉറപ്പാക്കുക എന്നത് വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും, ഡോക്ടർമാർക്ക് മികച്ച രീതിയിൽ സേവനം ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
