ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ മുന്നേറ്റം. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 94.42 എന്ന ശക്തമായ നിലയിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്ക് 94.60 ആയിരുന്നു. 2026 മെയ് 7-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ, അമേരിക്കൻ ഫെഡറൽ റിസർവിന്റെ സുപ്രധാന തീരുമാനങ്ങൾ പുറത്തുവരാനിരിക്കുന്നതിനാൽ ഏഷ്യൻ കറൻസികളിലുണ്ടായ പൊതുവായ മന്ദത രൂപയുടെ ഈ കുതിപ്പിന് നേരിയ നിയന്ത്രണമേർപ്പെടുത്തിയേക്കാം.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80 ഡോളറിന് താഴെയെത്തിയതാണ് രൂപയ്ക്ക് അനുകൂലമായത്. കഴിഞ്ഞ നാല് വ്യാപാര സെഷനുകളിലായി എണ്ണവിലയിൽ ഏകദേശം 15 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഈ ആശ്വാസം കാരണം കഴിഞ്ഞ ആറ് സെഷനുകളിലായി മാത്രം ഇന്ത്യൻ രൂപയുടെ മൂല്യം 1.2 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്.
