Home » Blog » kerala Max » മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
suspension

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനിൽകുമാറിനെതിരെയാണ് വകുപ്പുതലത്തിൽ അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ മോശം ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചതിലൂടെ പൊതുജനമധ്യത്തിൽ സർക്കാരിന്റെയും കെഎസ്ആർടിസി കോർപ്പറേഷന്റെയും അന്തസ്സിന് കളങ്കം വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് അന്വേഷണവിധേയമായി സുനിൽകുമാറിനെ സർവീസിൽ നിന്നും അടിയന്തരമായി സസ്പെൻഡ് ചെയ്തുകൊണ്ട് കെഎസ്ആർടിസി അധികൃതർ ഉത്തരവിട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.