Home » Blog » kerala Max » മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി കഴിഞ്ഞത് 33 വർഷം; ഒടുവിൽ ശസ്ത്രക്രിയയിലൂടെ തുളഞ്ഞുകയറിയ ലോഹക്കഷണം നീക്കം ചെയ്തു
operation-680x450

മുംബൈ: മുഖത്ത് കയറിയ ലോഹക്കഷണവുമായി 33 വർഷം ജീവിക്കേണ്ടിവന്ന 57കാരന് ഒടുവിൽ ആശ്വാസം. 1993ലെ മുംബൈ ബോംബ് സ്ഫോടനത്തിനിടെ മുഖത്ത് തുളഞ്ഞുകയറിയ ബോംബിന്റെ ലോഹച്ചില്ലാണ് വർഷങ്ങൾക്കുശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഗുജറാത്ത് സ്വദേശിയായ സുധീർ തുക്കാറാം മോഹിതെയ്ക്കാണ് ഈ അനുഭവം. 1993 മാർച്ച് 12ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫിസിന് എതിർവശത്തുണ്ടായ സ്ഫോടനത്തിലാണ് സുധീറിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലാതിരുന്നതിനാൽ അന്ന് പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു.

ചുണ്ടിന് സമീപം ചെറിയ തടിപ്പ് ഉണ്ടായിരുന്നെങ്കിലും സുധീർ അത് കാര്യമായി എടുത്തിരുന്നില്ല. മുഖത്ത് ലോഹച്ചില്ല് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യം അദ്ദേഹത്തിന് അറിയുകയും ചെയ്തില്ല. ഈയിടെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വർഷങ്ങളായി ഒളിഞ്ഞിരുന്ന ആ ലോഹക്കഷണം കണ്ടെത്തിയത്. എംആർഐ സ്കാനിങ് നടത്തുന്നതിനിടെ ഉണ്ടായ തടസ്സത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖത്ത് ഏകദേശം 6 മില്ലിമീറ്റർ വലുപ്പമുള്ള ലോഹഭാഗം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ ലോഹക്കഷണം നീക്കം ചെയ്തു. 1993 മാർച്ച് 12ന് മുംബൈയിൽ നടന്ന സ്ഫോടന പരമ്പര രാജ്യത്തെ ഞെട്ടിച്ച വലിയ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു. അന്നത്തെ ആക്രമണങ്ങളിൽ 257 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായ സ്ഫോടനത്തിന്റെ അവശിഷ്ടം മുഖത്ത് കുടുങ്ങിക്കിടന്നിരുന്നുവെന്നത് ഇപ്പോഴാണ് പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *