തിരുവനന്തപുരം: മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് സംഭവം നടന്നതെന്നും മന്ത്രി പറഞ്ഞു.
മുഖം കാണിക്കാതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ചിലർ ഇടപെട്ട് ചിത്രം നീക്കം ചെയ്യിച്ചെങ്കിലും അതിനുമുമ്പ് പലരും അതിന്റെ സ്ക്രീൻഷോട്ടുകൾ എടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയായ തനിക്ക് തന്നെ ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്നെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എത്രത്തോളം ഗുരുതരമായിരിക്കുമെന്ന ചോദ്യവും അവർ ഉയർത്തി.
സ്ത്രീസുരക്ഷാ പെൻഷൻ മുടങ്ങിയ സംഭവത്തിൽ മന്ത്രി മുൻ സർക്കാരിനെ വിമർശിച്ചു. പദ്ധതി ആത്മാർഥതയോടെയല്ല നടപ്പാക്കിയതെന്നും അതിനേക്കാൾ മികച്ച പദ്ധതി നിലവിലെ സർക്കാർ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാര സമിതികളുടെ പ്രവർത്തനം കൂടുതൽ കർശനമായി നിരീക്ഷിക്കുമെന്നും, കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലെ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മറ്റ് സംസ്ഥാന സർക്കാരുകളുമായി സഹകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
