Home » Blog » kerala Max » മാലിന്യത്തിനിടയിൽ തിളങ്ങിയത് രണ്ട് പവൻ സ്വർണം; സത്യസന്ധത കൊണ്ട് നാടിന്റെ മനസ്സ് കീഴടക്കി ഹരിത കർമ്മ സേന
images (69)

പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും കണ്ടുകിട്ടിയ രണ്ട് പവന്റെ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങളായ വിജയമ്മയും സരസ്വതിയും മാതൃകയായി. കൊല്ലം പത്തനാപുരം മഞ്ചള്ളൂരിലാണ് നാടിന് മുഴുവൻ അഭിമാനമായി മാറിയ ഈ സംഭവം നടന്നത്. മഞ്ചള്ളൂർ സ്വദേശികളായ ആദർശ്-ഗായത്രി ദമ്പതികളുടെ മകൾ ആദ്യ ആദർശിന്റെ സ്വർണ്ണമാല നാല് മാസം മുൻപാണ് നഷ്ടപ്പെടുന്നത്. എന്നാൽ മാല അബദ്ധത്തിൽ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ചാക്കിൽ അകപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല.

 

കഴിഞ്ഞ ദിവസം പ്രദേശത്തുനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ കയ്യിൽ ഈ മാല കുരുങ്ങുന്നത്. മാലിന്യ കൂമ്പാരത്തിൽ നിന്നും കിട്ടിയത് ഒറിജിനൽ സ്വർണ്ണമാലയാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ വിജയമ്മയും സരസ്വതിയും വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ മാല ആദ്യയുടെ അമ്മ ഗായത്രിക്ക് ഇരുവരും ചേർന്ന് കൈമാറി. നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ നഷ്ടപ്പെട്ട മാല തിരികെ കിട്ടിയ സന്തോഷത്തിനൊപ്പം ഹരിത കർമ്മ സേനാംഗങ്ങളുടെ പത്തരമാറ്റ് തിളക്കമുള്ള സത്യസന്ധതയെയും ഒന്നടങ്കം അഭിനന്ദിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.