അതിതീവ്രമഴയിൽ സംസ്ഥാനത്ത് കോടികളുടെ നഷ്ടമുണ്ടായെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നത് കെഎസ്ഇബിക്ക് വലിയ ആശ്വാസമായി. ഓഗസ്റ്റ് ആദ്യവാരം പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയിലധികം വെള്ളമാണ് ഡാമുകളിലേക്ക് ഒഴുകിയെത്തിയത്. നിലവിൽ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 48 ശതമാനം വെള്ളമുണ്ട്. മഴ കനത്തതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവുവരുകയും പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ചെറിയ അണക്കെട്ടുകൾ നിറഞ്ഞതോടെ ജലവൈദ്യുതോൽപ്പാദനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും, വലിയ അണക്കെട്ടുകളിൽ നിന്ന് ഉടനടി ഉൽപ്പാദനം കൂട്ടേണ്ടെന്നാണ് ബോർഡിന്റെ തീരുമാനം. വരാനിരിക്കുന്ന മാസങ്ങളിൽ മഴ കുറയാൻ സാധ്യതയുള്ളതിനാൽ വേനൽക്കാലത്തേക്ക് വെള്ളം കരുതാനാണ് കെഎസ്ഇബിയുടെ പദ്ധതി. പുറത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകുന്ന സാഹചര്യത്തിൽ പരമാവധി വെള്ളം സംഭരിച്ചുനിർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
