ഇടുക്കി: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും ദുരിതസാഹചര്യവും വിലയിരുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, മഴക്കെടുതി ബാധിച്ച ജില്ലകളിൽ മന്ത്രിമാർ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് നിർദേശം നൽകി. സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രിക്കാണ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരത്ത് സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തും. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ എം.എൽ.എമാരെയും മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരാകാൻ നിർദേശവും നൽകി.
തിരുവനന്തപുരം മുതലപ്പൊഴിയിൽ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ വെസലും മറൈൻ എൻഫോഴ്സ്മെന്റ് സംഘവും ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നതായി അധികൃതർ അറിയിച്ചു.
