തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരള അതിർത്തിയിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അബ്കാരി നിയമത്തിലോ ചട്ടങ്ങളിലോ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എസ്. മനു അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ നിർണ്ണായക നടപടി.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വോട്ടെടുപ്പ് നടക്കുന്ന നിശ്ചിത പ്രദേശങ്ങളിൽ മാത്രമേ നിയന്ത്രണം ഏർപ്പെടുത്താൻ നിയമപരമായി സാധിക്കൂ എന്നും, പോളിംഗ് നടക്കുന്ന പരിധിക്ക് പുറത്ത് ഡ്രൈ ഡേ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പോലും അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. കുമളിയിലെ ഒരു ബാറുടമ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഈ സുപ്രധാന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിന് എവിടെ നിന്നാണ് അധികാരം ലഭിക്കുന്നതെന്ന് ചോദിച്ച കോടതി, അബ്കാരി നിയമത്തിലോ ഫോറിൻ ലിക്വർ റൂൾസിലോ ഇതിന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലെയും കേരളത്തിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന സർക്കാർ വാദത്തെയും കോടതി കർശനമായി ചോദ്യം ചെയ്തു. ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ കമ്മീഷന് എന്ത് നിയമപരമായ അധികാരമാണുള്ളതെന്ന് കോടതി ആരാഞ്ഞു.
കൂടാതെ, അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ പരിധിയിൽ വരുന്നുണ്ടെങ്കിലും തന്റെ സ്ഥാപനം തമിഴ്നാട്ടിലെ വോട്ടർമാരെയോ തെരഞ്ഞെടുപ്പിനെയോ സ്വാധീനിക്കുന്ന ഒന്നല്ലെന്ന ഹർജിക്കാരന്റെ വാദവും കോടതി ശരിവെച്ചു. ഏപ്രിൽ 21 രാവിലെ 10 മണി മുതൽ ഏപ്രിൽ 23 അർദ്ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന ഡ്രൈ ഡേ ഇതോടെ ഇല്ലാതായി. വിഷയത്തിൽ കൃത്യമായ നിയമസാധുത ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
