കൺമുന്നിൽ കുഴൽക്കിണറിലേക്ക് വീണ മകളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് 60 അടി താഴ്ചയിലേക്ക് എടുത്തുചാടി നാൽപ്പത്തിയഞ്ചുകാരനായ പിതാവ്. അഹമ്മദാബാദിലെ ചന്ദ്ലോദിയയിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം നടന്നത്. വെള്ളം നിറഞ്ഞുകിടന്ന ഇടുങ്ങിയ കിണറ്റിൽ കുടുങ്ങിയ പിതാവിനെയും മകളെയും അഗ്നിരക്ഷാസേനയെത്തി സുരക്ഷിതമായി പുറത്തെടുത്തു.
തോട്ടം തൊഴിലാളികളായ രാജേഷ് സൈനിയും കുടുംബവും ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. 19 വയസ്സുള്ള മകൾ അഞ്ജലി അബദ്ധത്തിൽ അഞ്ചടി വിസ്താരവും 60 അടിയോളം താഴ്ചയുമുള്ള കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. മകൾ താഴേക്ക് പതിക്കുന്നത് കണ്ട രാജേഷ് മറ്റൊന്നും ആലോചിക്കാതെ കിണറ്റിലേക്ക് എടുത്തുചാടി.
വെള്ളമുണ്ടായിരുന്നതിനാൽ വലിയ പരിക്കുകളില്ലാതെ ഇരുവരും കിണറിനുള്ളിൽ തങ്ങിനിന്നു. വിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അതിസാഹസികമായാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. മകളുടെ ജീവൻ രക്ഷിക്കാനുള്ള അച്ഛന്റെ ഉറച്ച തീരുമാനവും അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തുള്ള ഇടപെടലുമാണ് ദുരന്തം ഒഴിവാക്കിയത്. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
