പ്രേതബാധകളിലും അമാനുഷിക ശക്തികളിലും തനിക്ക് വിശ്വാസമില്ലായിരുന്നുവെന്നും എന്നാൽ മകനുണ്ടായ ഒരു അനുഭവം തന്നെ ഞെട്ടിച്ചുവെന്നും ബോളിവുഡ് താരം അക്ഷയ് കുമാർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ല’ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു താരം. താൻ മുൻപ് താമസിച്ചിരുന്ന വീട്ടിൽ അസ്വാഭാവികമായ എന്തോ ഉണ്ടെന്ന് ഭാര്യ ട്വിങ്കിൾ ഖന്ന പലപ്പോഴും പറയാറുണ്ടായിരുന്നു. ഒരു സ്ത്രീ നടക്കുന്നത് പോലെ തോന്നുന്നുവെന്ന ഭാര്യയുടെ വാദങ്ങളെ ശാസ്ത്രീയമായ തെളിവുകളില്ലെന്ന് പറഞ്ഞ് അന്ന് തമാശയായി തള്ളിക്കളഞ്ഞുവെങ്കിലും മകൻ ആരവിന് അഞ്ചു വയസ്സുള്ളപ്പോൾ നടന്ന സംഭവം തന്റെ ചിന്തകളെ മാറ്റിയെന്ന് അക്ഷയ് കുമാർ ഓർത്തെടുത്തു.
ഒരു ദിവസം തന്റെ അരികിൽ കിടക്കുകയായിരുന്ന മകൻ പെട്ടെന്ന് ശൂന്യതയിലേക്ക് നോക്കി ‘ഇവിടെ നിൽക്കരുത്, പോകൂ’ എന്ന് ആരോടോ പറയുന്നത് കേട്ട് താൻ സ്തംഭിച്ചുപോയെന്ന് താരം പറഞ്ഞു. മകൻ ആരോടാണ് സംസാരിക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന തന്നോട് ‘കണ്ടോ, ഞാൻ പറഞ്ഞത് സത്യമല്ലേ’ എന്ന് ഭാര്യ ചോദിച്ച നിമിഷം ഭയപ്പെടുത്തുന്നതായിരുന്നു. ഈ സംഭവത്തിന് ശേഷം ലോകത്ത് നമുക്ക് ചുറ്റും പലതരത്തിലുള്ള ഊർജ്ജങ്ങൾ ഉണ്ടെന്ന് താൻ വിശ്വസിക്കാൻ തുടങ്ങിയെന്നും, വ്യക്തികൾക്ക് ചുറ്റുമുള്ള പോസിറ്റീവ് എനർജി പോലെ തന്നെ ചില നെഗറ്റീവ് ഊർജ്ജങ്ങളും നിലനിൽക്കുന്നുണ്ടാകാമെന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
നീണ്ട 16 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘ഭൂത് ബംഗ്ല’ 2026 ഏപ്രിൽ 10-നാണ് തിയേറ്ററുകളിലെത്തുന്നത്. തബു, പരേഷ് റാവൽ, വാമിഖ ഗബ്ബി, രാജ്പാൽ യാദവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം, 2025 ഒക്ടോബറിൽ വിടവാങ്ങിയ പ്രിയ താരം അസ്രാനിയുടെ അവസാന സിനിമ കൂടിയാണ്. വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം
