Home » Blog » kerala Mex » മകൻ മരിച്ച സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ ബേസിൽ 30,000 രൂപ നൽകി സഹായിച്ചു: മനസ്സ് തുറന്ന് കുടശ്ശനാട് കനകം
6055ee4b7e58b36d9369b084ceefbed3e0c75038c5a3ea2bf750a0c96b2be9c1.0

യ ജയ ജയ ജയ ഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് കുടശ്ശനാട് കനകം. തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് നൽകിയ പിന്തുണയെക്കുറിച്ച് വൈകാരികമായാണ് താരം സംസാരിച്ചത്. മകൻ മരിച്ച സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ ബേസിൽ 30,000 രൂപ നൽകി സഹായിച്ചെന്നും, സിനിമയിലെന്നപോലെ ജീവിതത്തിലും തനിക്ക് മകനെപ്പോലെയാണ് ബേസിലെന്നും താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

മകൻ മരിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നുപോയെന്നും മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായപ്പോഴാണ് ബേസിലിനെ വിളിച്ചതെന്നും കനകം പറയുന്നു. ജോലി ആവശ്യപ്പെട്ടാണ് താൻ വിളിച്ചതെങ്കിലും തന്റെ അവസ്ഥ മനസ്സിലാക്കി ബേസിൽ പണം അയച്ചു നൽകുകയായിരുന്നു. “പൈസയ്ക്ക് വേണ്ടിയല്ല, ജോലിക്ക് വേണ്ടിയാണ് ഞാൻ വിളിച്ചതെന്ന് പറഞ്ഞെങ്കിലും ബേസിൽ അത് കേട്ടില്ല. അമ്മയെ ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞാണ് അവൻ പണം നൽകിയത്. ഇക്കാര്യം പുറത്തുപറഞ്ഞാൽ ബേസിൽ എന്നെ വഴക്കുപറഞ്ഞേക്കാം, എങ്കിലും അവന്റെ നന്മ പറയാതിരിക്കാൻ കഴിയില്ല,” താരം കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളോളം പ്രൊഫഷണൽ നാടകവേദികളിൽ സജീവമായിരുന്ന കുടശ്ശനാട് കനകം സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഉൾപ്പെടെ നേടിയിട്ടുള്ള കരുത്തുറ്റ അഭിനേത്രിയാണ്. നാടക പെൻഷൻ കൊണ്ട് തനിച്ച് ജീവിക്കുന്ന തനിക്ക് ഇപ്പോൾ സിനിമയിലെ മക്കളാണ് കൂട്ടിനുള്ളതെന്ന് താരം പറയുന്നു. ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’, ‘മരണമാസ്’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത കനകത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് ഇന്ദ്രൻസ് നായകനായ ‘ആശാൻ’ എന്ന ചിത്രമാണ്.