ഡി.ആർ.കോംഗോയിൽ എബോള വൈറസ് വ്യാപനം കൂടുതൽ ഭീതിയുണർത്തി നാലാമത്തെ പ്രവിശ്യയിലേക്കും പടർന്നതായി അധികൃതർ സ്ഥിരീകരിച്ചു. ദക്ഷിണ സുഡാനും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കുമായും അതിർത്തി പങ്കിടുന്ന ‘ഹൗട്ട്-യൂലെ’ പ്രവിശ്യയിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ, ഏകദേശം 15 ദശലക്ഷം ജനങ്ങൾ താമസിക്കുന്ന കോംഗോയുടെ വടക്കുകിഴക്കൻ പ്രദേശം മുഴുവൻ ഇപ്പോൾ എബോള ഭീഷണിയിലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് രാജ്യത്ത് രോഗബാധിതർ 1,274 ആയി ഉയർന്നു. ഇതിൽ 360 പേർ മരണപ്പെട്ടു കഴിഞ്ഞു.
രോഗവ്യാപനം ഏറ്റവും രൂക്ഷം ഇട്ടൂരി പ്രവിശ്യയിലാണ്. ആകെ 1,165 കേസുകളും 301 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. നോർത്ത് കിവു, സൗത്ത് കിവു എന്നിവയായിരുന്നു ഇതിനുമുമ്പ് രോഗം ബാധിച്ച മറ്റ് രണ്ട് പ്രവിശ്യകൾ. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൗട്ട്-യൂലെയിലും രോഗമെത്തിയത്. കോംഗോയുടെ അതിർത്തി കടന്ന് യുഗാണ്ടയിലും 20 എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ശവസംസ്കാര ചടങ്ങുകളാണ് രോഗം അതിവേഗം പടരാൻ ഇടയാക്കുന്നത്. ആഫ്രിക്കയിലെ പലയിടങ്ങളിലും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് നടക്കാറുള്ളത്. രോഗബാധിതരുടെ മൃതദേഹങ്ങൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ കേന്ദ്രങ്ങളിൽ ബന്ധുക്കൾ ഒത്തുകൂടുന്നതും സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ട്. രോഗവ്യാപനത്തിൽ മുൻനിരയിൽ പോരാടുന്ന 78 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുകയും 18 പേർ മരണപ്പെടുകയും ചെയ്തു.
Also Read: “അവൻ എഴുന്നേൽക്കും, എന്നെപ്പോലെയാണ്!” പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ വാശിപിടിച്ച ട്രംപ്! അർദ്ധരാത്രി കോളിന് പിന്നിലെ കഥ
പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് ഈ വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റ് വകഭേദങ്ങൾ. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷം ഏറ്റവും വലിയ വ്യാപനമുണ്ടായത് 2014-2016 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലാണ് (28,600-ലേറെ കേസുകൾ). കോംഗോയിൽ 2018-2020 കാലഘട്ടത്തിൽ എബോള ബാധിച്ച് 2,300 പേർ മരിച്ചിരുന്നു.
