
ബെംഗളൂരു: ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏഴുവയസ്സുകാരനുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകങ്ങൾ കണ്ടുനടുങ്ങിയ 11കാരനെ പ്രതി ഇന്ദുശേഖർ കാറിൽ ഒരു ദിവസം മുഴുവൻ നഗരത്തിൽ ചുറ്റിക്കറക്കിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കുടുംബത്തിൽ പ്രതി ഒഴിവാക്കിയത് സ്വന്തം 17കാരിയായ മകളെയും ഭാര്യാസഹോദരന്റെ 11കാരനായ മകനെയും മാത്രമാണ്. ഒക്ടോബർ 16നും 31നും ഇടയിൽ ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, അവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴുവയസ്സുകാരനായ മകൻ പുനീത് എന്നിവരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സുനിത സ്വന്തം വീട്ടിലേക്ക് ഇടയ്ക്കിടെ പോകുന്നതും കുടുംബാംഗങ്ങൾ തർക്കങ്ങളിൽ അവളെ പിന്തുണയ്ക്കുന്നതുമാണ് പ്രതിക്ക് വൈരാഗ്യമുണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
രാജാജി നഗർ സ്വദേശിയായ ഇന്ദുശേഖർ ‘താനവരതി’ എന്ന ക്രൈംമാസികയുടെ നടത്തിപ്പുകാരൻ കൂടിയാണ്. നളിനിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ തുംഗമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ഭാര്യ സുനിതയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നന്ദി ഹിൽസിൽ ഉപേക്ഷിച്ചു. ഭാര്യ ടൂറിന് പോയിരിക്കുകയാണെന്ന് അയൽക്കാരെ വിശ്വസിപ്പിക്കുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പിന്നീട് ശിവകുമാറിന്റെയും ശങ്കറിന്റെയും കുടുംബങ്ങളെ വീട്ടിലേക്ക് വിരുന്നിന് വിളിച്ചുവരുത്തിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി 17കാരിയായ മകളുടെ സഹായവും തേടിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ സ്വന്തം കാറിൽ കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ഷിറാഡി ചുരം, മൈസൂരുവിലെ ചാമുണ്ഡി ഹിൽസ്, സേലത്തിന് സമീപമുള്ള ഏർക്കാട് ചുരം എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചതെന്നാണ് വിവരം. നളിനിയുടെ 11കാരനായ മകനാണ് കൊലപാതകങ്ങൾ നേരിൽ കണ്ടത്. സംഭവങ്ങൾ കണ്ട് ഭയന്ന കുട്ടിയെ പ്രതി കാറിൽ കയറ്റി ദിവസം മുഴുവൻ ചുറ്റിക്കറക്കിയെന്നും അന്ന് കാറിൽത്തന്നെയാണ് ഉറങ്ങിയതെന്നും കുട്ടി പൊലീസിന് മൊഴി നൽകി. യാത്രയ്ക്കിടെ പല സ്ഥലങ്ങളിലായി ചാക്കുകെട്ടുകൾ ഉപേക്ഷിച്ചതായും കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.
