bsnl-1-680x450.jpg

സ്വകാര്യ ടെലികോം ഭീമന്മാരുടെ കടന്നുവരവിൽ തളർന്നുപോയ ഇന്ത്യയുടെ സ്വന്തം ടെലികോം ദാതാവായ ബിഎസ്എൻഎൽ തിരിച്ചുവരവിൻ്റെ പാതയിലാണ്. സർക്കാരിന്റെ ശക്തമായ പിന്തുണയും, 4G സാങ്കേതികവിദ്യയുടെ വിന്യാസവും, ലാഭകരമായ പ്രവർത്തനങ്ങളും ബിഎസ്എൻഎല്ലിൻ്റെ വിപണിയിലെ സ്ഥാനം വീണ്ടെടുക്കാൻ സഹായിച്ചിരിക്കുന്നു. ഇപ്പോഴിതാ മൊബൈല്‍ വരിക്കാരുടെ എണ്ണം 9.1 കോടി കവിഞ്ഞിരിക്കുകയണ്. ബിഎസ്എൻഎല്ലില്‍ ഉപഭോക്താക്കള്‍ക്ക് വർധിച്ചുവരുന്ന വിശ്വാസത്തിന്‍റെ സൂചനയാണിതെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

2024 ജൂണ്‍ മാസത്തിൽ ബിഎസ്എൻഎല്ലിന് 8.5 കോടി വരിക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 9.1 കോടിയായി ഉയര്‍ന്നുവെന്നും, കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ബിഎസ്എൻഎൽ 13 ലക്ഷം പുതിയ വരിക്കാരെ ചേർത്തുവെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന ബ്രാൻഡിലുള്ള ആത്മവിശ്വാസം ആളുകള്‍ക്ക് വർധിച്ചുവരുന്നത് വ്യക്തമാണെന്നും ബി‌എസ്‌എൻ‌എൽ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ടെലികോം മന്ത്രി കൂട്ടിച്ചേര്‍ത്തു. ശക്തമായ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്‍റ് (സി‌ആർ‌എം) പരിഹാരങ്ങൾ നടപ്പിലാക്കുക, ഉപഭോക്തൃ സംതൃപ്‍തി സ്‌കോറുകൾ മെച്ചപ്പെടുത്തുക, 4ജി-യിൽ നിന്ന് 5ജി-യിലേക്ക് അപ്‌ഗ്രേഡ‍് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വർധിച്ചുവരുന്ന വരിക്കാരുടെ എണ്ണം, ഉപയോക്താക്കൾക്ക് പൊതുമേഖലാ സ്ഥാപനത്തിലുള്ള വിശ്വാസം വർധിക്കുന്നതിൻ്റെ വ്യക്തമായ സൂചനയാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കി, ഇന്ത്യൻ ടെലികോം മേഖലയിലെ ‘മൂന്നാം ശക്തി’യായി മാറാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ ഇപ്പോൾ. അടുത്തിടെ 18 വർഷത്തിനിടയിലെ ആദ്യത്തെ തുടർച്ചയായ ത്രൈമാസ അറ്റാദായം ബി‌എസ്‌എൻ‌എൽ രേഖപ്പെടുത്തിയതും ശുഭ സൂചനയാണ്. 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) 262 കോടി രൂപയും, മൂന്നാം പാദത്തിൽ (ഒക്‌ടോബര്‍–ഡിസംബർ) 280 കോടി രൂപയും ബിഎസ്എന്‍എല്ലിന് അറ്റാദായം ഉണ്ടാക്കാനായി. 2025 ഓഗസ്റ്റ് മാസം മാത്രം ബിഎസ്എന്‍എല്‍ 13 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ചേർത്തു. ബിഎസ്എന്‍എല്ലിനെ സംബന്ധിച്ച് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വളർച്ചയാണിത്. ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്തത് 2025 മാര്‍ച്ച് മാസത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *