Home » Blog » kerala Max » ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി രാഹുൽ ഗാന്ധി ; ഇന്ത്യാ സഖ്യത്തിന്റെ വൻ പ്രക്ഷോഭം
22

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിനിടെ നാടകീയ രംഗങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ പോലീസ് ഉയർത്തിയ ഇരുമ്പ് ബാരിക്കേഡുകൾക്ക് മുകളിൽ കയറി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ദേശീയപതാക വീശി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ഇന്ത്യാ സഖ്യത്തിലെ എംപിമാരും പ്രമുഖ നേതാക്കളും തെരുവിലിറങ്ങിയത്. പാർലമെന്റ് മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിനെ പോലീസും സുരക്ഷാ സേനയും ചേർന്ന് വഴിമധ്യേ തടയുകയായിരുന്നു.

ബാരിക്കേഡുകൾ വച്ച് വഴി തടഞ്ഞതോടെ പ്രതിപക്ഷ നേതാക്കൾ അവിടെത്തന്നെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്നാണ് അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി ബാരിക്കേഡിന് മുകളിലേക്ക് കയറുകയും ദേശീയപതാക ഉയർത്തി വീശുകയും ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഈ നീക്കം പ്രവർത്തകർക്ക് ആവേശമായി മാറി. പിന്നാലെ മറ്റ് നിരവധി എംപിമാരും ബാരിക്കേഡിന് സമീപത്തേക്ക് എത്തുകയും കമ്മീഷനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

വോട്ട് മോഷണവും വോട്ടർ പട്ടികയിലെ ക്രമക്കേടുകളും ആരോപിച്ചാണ് ഇന്ത്യാ മുന്നണി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ തിരിഞ്ഞിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കപ്പെട്ടതായി രാഹുൽ ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാൻ തെരുവിൽ ഏതറ്റം വരെയും പോരാടുമെന്ന് റാലിയിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *