
യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി 41കാരനായ ഡോക്ടറെ മർദിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആക്രമണത്തിനിരയായ ഡോക്ടർക്കെതിരെ നടിയുടെ അടുത്ത ബന്ധുവായ യുവതി നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. കഴിഞ്ഞ മാസം ഇൻഫോപാർക്കിന് സമീപത്തെ ഹോട്ടലിൽ മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. മദ്യം നൽകി അവശയാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്നും തന്റെ ചിത്രങ്ങൾ ഡോക്ടർ പകർത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രിയിലെ ജോലിയിൽനിന്ന് പുറത്താക്കി.
അതേസമയം, ഡോക്ടറുടെ ഫോൺ സ്വിച്ച് ഓഫാണെന്നും അദ്ദേഹം ഒളിവിലാണെന്നാണ് സൂചനയെന്നും പൊലീസ് വ്യക്തമാക്കി. തുടക്കത്തിൽ ഉയർന്ന ഹണിട്രാപ്പ് സാധ്യതകൾ പൊലീസ് തള്ളി. നടിയുടെ ബന്ധുവായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഡോക്ടറുടെ ഫോണിൽനിന്ന് നീക്കം ചെയ്യാനാണ് അദ്ദേഹത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടാണ് പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് ഡോക്ടറെ എത്തിച്ചത്. തുടർന്ന് മർദിക്കുകയും രണ്ട് ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ കൈക്കലാക്കുകയും ചെയ്തെന്നാണ് പരാതി.
