Home » Blog » Kerala » ‘പ്രിയ ലയണൽ, ഇത് നിങ്ങൾക്കായി’; മെസ്സിയുമായുള്ള വികാരനിർഭരമായ ആലിംഗനം ഏറ്റെടുത്ത് കായിക ലോകം
HPkU5JHWoAICL2q

മയാമി: പിതാവ് ഹോർഹെ മെസിയുടെ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തി നേടും മുൻപ് മൈതാനത്തേക്ക് തിരിച്ചെത്തിയ അർജന്റീന ഇതിഹാസം ലയണൽ മെസിക്ക് എതിർ ടീം താരത്തിന്റെ ആശ്വാസസ്പർശം. ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ ലിയോണിനെതിരായ മത്സരത്തിനിടയിലാണ് ലിയോണിന്റെ കൊളംബിയൻ പ്രതിരോധ താരം ജോഹാൻ റൊമാന മെസിയെ മൈതാനത്തുവെച്ച് സ്നേഹത്തോടെ കെട്ടിപ്പുണർന്നത്.

 

മയാമി സ്റ്റേഡിയത്തിൽ അരങ്ങേറിയ ഈ വൈകാരിക രംഗം നിമിഷനേരം കൊണ്ടാണ് കായികലോകത്ത് തരംഗമായത്. പിതാവിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ഉടൻ കളത്തിലിറങ്ങിയ മെസിക്കുള്ള ആദരവായി എതിർ ക്ലബ്ബായ ലിയോൺ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘ഈ ആലിംഗനം ലിയോണിന്റേതാണ്, എല്ലാവരുടേതുമാണ്, ഫുട്ബോളിന്റേതുമാണ്. പ്രിയപ്പെട്ട ലയണൽ, ഇത് നിനക്കുള്ളതാണ്’ എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് ക്ലബ്ബ് ചിത്രം പോസ്റ്റ് ചെയ്തത്.

 

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബെഞ്ചിലിരുന്ന മെസി, രണ്ടാം പകുതിയുടെ തുടക്കത്തിലാണ് പകരക്കാരനായി കളത്തിലിറങ്ങിയത്. ഡാനിയൽ പിന്ററിലൂടെ ഇന്റർ മയാമി തുടക്കത്തിൽ ലീഡ് നേടിയെങ്കിലും, രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ലിയോൺ 3-2 ന് വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് ഗോളുകൾ നേടി തിളങ്ങിയ ഡാനിയൽ ആർസിലയാണ് ലിയോണിന്റെ ജയം ഉറപ്പിച്ചത്.

 

ഈ തോൽവിയോടെ ഇന്റർ മയാമി ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും, കടുത്ത മാനസിക വിഷമത്തിനിടയിലും ഫുട്ബോളിലേക്ക് തിരിച്ചെത്തിയ മെസിക്ക് ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും സഹതാരങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.