തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ചുള്ള ചർച്ചയിൽ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. വിഷയത്തിൽ മുന്നണി ഘടകകക്ഷികൾ തമ്മിലുള്ള കൂടിയാലോചനകൾ തുടരുമെന്നും പരസ്പര ധാരണയിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ആവശ്യം സി.പി.ഐ ഉന്നയിച്ചിട്ടുണ്ടെന്നും, സി.പി.ഐ.എമ്മിന്റെ നിലപാടും ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും അത് മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, എൽഡിഎഫിനകത്ത് ഭിന്നതയോ പ്രതിസന്ധിയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നിലവിലെ വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ച് കൂടുതൽ ശക്തിയോടെ മുന്നോട്ടുപോകുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
