സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമേഖലയിൽ ജനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും അശ്രദ്ധ കാണിക്കുന്നവർ കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫ് എന്ന രോഗിയുടെ വയറ്റിൽ അഞ്ചുവർഷത്തോളം ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവം വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പരോക്ഷമായ പ്രതികരണം. ഇത്തരം ഗുരുതരമായ വീഴ്ചകൾ അംഗീകരിക്കാനാവില്ലെന്നും അവ പരിഹരിക്കാൻ സർക്കാർ ഉത്തരവാദിത്തപൂർണ്ണമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജനാരോഗ്യ സംവിധാനം ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ പുറത്താണ് നിലനിൽക്കുന്നത്. ആ വിശ്വാസം തകർക്കുന്ന രീതിയിലുള്ള പ്രവണതകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
